വര്‍ക്കല തീരം അവഗണനയില്‍

വര്‍ക്കല: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനംപിടിച്ച വര്‍ക്കല ഇന്നും അവഗണനയുടെ തീരമാണ്. ഓരോ സീസണിലും പതിനായിരക്കണക്കിന് വിദേശസഞ്ചാരികളത്തെുന്ന പാപനാശത്ത് അടിസ്ഥാന സൗകര്യ വികസനം ഇന്നും ഏറെ അകലെയാണ്. പ്രഖ്യാപനങ്ങളും വികസനപദ്ധതികളും ഭരണാധികാരികള്‍ അവതരിപ്പിക്കുന്നതല്ലാതെ യാതൊന്നും നടപ്പാവുന്നില്ല. ചിലക്കൂര്‍ വള്ളക്കടവ് മുതല്‍ ഓടയം വരെയുള്ള ഒന്നാം റീച്ചും ഇടപ്പൊഴിക്ക മുതല്‍ കാപ്പില്‍വരെ നീളുന്ന രണ്ടാം റീച്ചും ഉള്‍പ്പെടെ ആറ് കി.മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് വര്‍ക്കല വിനോദസഞ്ചാര തീരം. 60 മുതല്‍ 120 അടിവരെ ഉയരമുള്ളതും അര്‍ധവൃത്താകൃതിയില്‍ കടലിനെ ചുറ്റിനില്‍ക്കുന്ന പ്രകൃതിദത്ത കുന്നുകളാണ് മുഖ്യആകര്‍ഷണം. 25.5 ലക്ഷം വര്‍ഷം പഴക്കമുള്ള ലോക വിസ്മയമായ കുന്നുകള്‍ ഓരോ മഴക്കാലത്തും ഇടിഞ്ഞ് കടലിലേക്ക് പതിക്കുകയാണ്. ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യവുമുള്ള കുന്നുകളെ സംരക്ഷിച്ചുനിര്‍ത്താന്‍ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില. പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് പുറമെ മനുഷ്യന്‍െറ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളും കുന്നുകളെ നശിപ്പിക്കുകയാണ്. റിസോര്‍ട്ടുകളില്‍ നിന്നുള്ള സെപ്റ്റിക് ടാങ്ക് മാലിന്യംപോലും കുന്നുകള്‍ തുരന്ന് പൈപ്പിട്ട് കടലിലേക്ക് ഒഴുക്കുന്നു. ഓരോ സീസണിലും കലക്ടര്‍ പാപനാശം തീരത്തിന്‍െറ സംരക്ഷണത്തിനായി കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ആഭ്യന്തര-വിദേശ സഞ്ചാരികള്‍ക്കായി തീരത്ത് യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇപ്പോഴുമില്ല. കുടിവെള്ളവിതരണ സംവിധാനം, ശൗചാലയം, ഇരിപ്പിടങ്ങള്‍, തെരുവുവിളക്കുകള്‍ എന്നിവയൊന്നും ഇവിടെയില്ല. കുന്നിന്‍മുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച നടപ്പാത ഭൂരിഭാഗവും തകര്‍ന്നനിലയിലാണ്. സുരക്ഷാവേലിയുമില്ല. ഹെലിപ്പാഡ് ഭാഗത്ത് പത്തുവര്‍ഷം മുമ്പ് നിര്‍മിച്ച ലൈറ്റുകള്‍ തുരുമ്പിച്ച് നശിച്ചു. സുരക്ഷാവേലിയില്ലാത്ത കുന്നിന്‍മുകളിലൂടെ കൂരിരുട്ടില്‍ നടന്നുവരുന്ന പലരും താഴെവീണ് അപകടമുണ്ടാകുന്നതും പതിവാണ്. കുന്നില്‍നിന്ന് താഴേക്കുവീണ് നിരവധിപേര്‍ പാപനാശത്ത് മരിച്ചിട്ടുണ്ട്. ഹെലിപ്പാഡില്‍ ഏറെ കൊട്ടിഘോഷിച്ച് നിര്‍മാണോദ്ഘാടനം ചെയ്ത ടൂറിസം പ്ളാസ ഉപേക്ഷിക്കപ്പെട്ടു. കടലില്‍ കുളിക്കാനിറങ്ങുന്ന വിനോദ സഞ്ചാരികള്‍ തിരയില്‍പെട്ട് അപകടമുണ്ടാകുന്നത് വര്‍ക്കലയില്‍ നിത്യസംഭവമായിട്ടുണ്ട്. ലൈഫ് ഗാര്‍ഡുകളുടെ സമയോചിതവും സാഹസികവുമായ ഇടപെടലുകള്‍ കൊണ്ടാണ് അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ പലപ്പോഴും സാധിക്കുന്നത്. എന്നാല്‍ 13 ലൈഫ്ഗാര്‍ഡുകള്‍ മാത്രമാണിവിടെയുള്ളത്. 12 പേരെക്കൂടി നിയോഗിക്കുമെന്ന് മുമ്പ് ടൂറിസം മന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ടൂറിസം പൊലീസ് നിലവില്‍ രണ്ടുപേരാണുള്ളത്. ആറുപേരെക്കൂടി നിയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞതും പാഴ്വാക്കായി. സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തത് തീരത്തെ തലവേദനയാണ്. ശുചിത്വമില്ലായ്മയും തീരത്തിന്‍െറ ശാപമായി നില്‍ക്കുന്നുണ്ട്. തീരം വൃത്തിഹീനമാക്കുന്നത് ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. എന്നാല്‍ ഇതൊന്നും നിയന്ത്രിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. വര്‍ക്കല വിഷന്‍ 2020 ന്‍െറ ഭാഗമായി ചില വന്‍കിടപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവയും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.