വെട്ടുകാട് തീരം കടലെടുക്കുന്നു; ജനം റോഡ് ഉപരോധിച്ചു

ശംഖുംമുഖം: വെട്ടുകാട് തീരം കടലെടുക്കുമ്പോഴും റവന്യൂ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തീരത്ത് പൊലീസ് താല്‍ക്കാലികമായി മണല്‍ചാക്കുകള്‍ നിരത്തി തിരമാലകളുടെ കടന്നുകയറ്റത്തിന് ശമനം വരുത്തി. ഞായറാഴ്ച രാവിലെ മുതലാണ് വെട്ടുകാട് തീരത്തേക്ക് തിരമാലകള്‍ ശക്തമായി അടിച്ചുകയറാന്‍ തുടങ്ങിയത്. തീരത്തോട് ചേര്‍ന്ന പല വീടുകളിലേക്കും വെള്ളം കയറി നാശനഷ്ടം ഉണ്ടായതിനെതുടര്‍ന്ന് നാട്ടുകാര്‍ റവന്യൂ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇതാണ് സമരത്തിന് കാരണം. സംഭവസ്ഥലത്തത്തെിയ പൊലീസ് റവന്യൂ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ വലിയതുറ എസ്.ഐ സതീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീപത്തെ ടൈറ്റാനിയം ഫാക്ടറിയില്‍നിന്ന് അമ്പതിലധികം ചാക്കുകളില്‍ മണല്‍ നിറച്ച് തിരമാലകള്‍ ശക്തയായി അടിച്ചുകയറുന്ന ഭാഗങ്ങളില്‍ നിരത്തി. ഇത് തല്‍ക്കാലം തീരവാസികള്‍ക്ക് ആശ്വസമായെങ്കിലും കടലാക്രമണം ശക്തമാകുന്നതനുസരിച്ച് മണല്‍ ചാക്കുകളെയും മറികടന്ന് തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറുകയാണ്. ഇത് തുടര്‍ന്നാല്‍ വീടുകള്‍ തകരുമെന്ന ഭീതി പരക്കുന്നുണ്ട്. പലരും ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. 200 മീറ്ററിലധികം തീരമുണ്ടായിരുന്നത് കാരണം ഇവിടെ നേരത്തേ കടല്‍ ഭിത്തി നിര്‍മിച്ചിരുന്നില്ല. 50 വര്‍ഷത്തിനിടെ കടല്‍ ഇത്രയും ഭയാനകമായി തീരം വിഴുങ്ങുന്നത് ആദ്യമായാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പൂന്തുറ മുതല്‍ വലിയതുറ വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രണം ശക്തമായതിനെതുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. വീടുകള്‍ നഷ്ടമായവര്‍ ഇപ്പോഴും ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമാണ് കഴിയുന്നത്. ഒരാഴ്ചയായി ശംഖുംമുഖം ബീച്ചിലേക്ക് തിരമാലകളുടെ അടിച്ചുകയറ്റം തുടരുകയാണ്. ബീച്ചിലെ നടപ്പാതകള്‍ വരെ തകര്‍ന്നിരുന്നു. കടലാക്രണം ശക്തമായി തുടരുന്നതിനാല്‍ ബീച്ചില്‍ ഇറങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്‍മണ്ഡപം മുതല്‍ കാര്‍ഗോ കോംപ്ളക്സ് വരെയുള്ള ഭാഗത്ത് തിരമാലകളുടെ അടിച്ചുകയറ്റം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.