ഇറച്ചി മാലിന്യം; കോര്‍പറേഷന്‍ നിയന്ത്രണം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: ഇറച്ചിക്കടകള്‍ക്ക് മാലിന്യപരിപാലനം സംബന്ധിച്ച് നഗരസഭ ലോഗ് സംവിധാനം ഏര്‍പ്പെടുത്തി. ‘എന്‍െറ നഗരം സുന്ദര നഗരം’ പദ്ധതിയിലൂടെ നഗരത്തിലെ വാര്‍ഡുകള്‍ സമ്പൂര്‍ണ ശുചിത്വവാര്‍ഡുകളാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇറച്ചിമാലിന്യം നീക്കുന്നതിന് കോര്‍പറേഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള അമല ഇക്കോ ക്ളീന്‍ എന്ന സ്ഥാപനവുമായി വ്യാപാരികളെ കരാറില്‍ ഏര്‍പ്പെടുത്തുകയും നീക്കുന്ന മാലിന്യത്തിന്‍െറ വിശദാംശങ്ങളടങ്ങിയ ലോഗ് സൂക്ഷിക്കുകയും ചെയ്യുന്നതിനാണ് നഗരസഭ ക്രമീകരണം ഒരുക്കിയത്. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ ഇറച്ചി മാലിന്യങ്ങളാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇവ കൃത്യമായി നീക്കാന്‍ അമല ഇക്കോ ക്ളീന്‍ എന്ന സ്ഥാപനവുമായി ചേര്‍ന്ന് നഗരസഭയുടെ ഒരുവര്‍ഷമായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഈസേവനം പ്രയോജനപ്പെടുത്താതെ ചില സാമൂഹികവിരുദ്ധരുടെ സഹായത്തോടെ പൊതുനിരത്തുകളില്‍ ചാക്കില്‍കെട്ടി മാലിന്യം തള്ളുകയാണ് ചിലര്‍. ഇതിന് അറുതിവരുത്തുന്നതിനും ഇറച്ചി മാലിന്യങ്ങളുടെ ശാസ്ത്രീയപരിപാലനം ഉറപ്പുവരുത്തുന്നതിനുമാണ് നഗരത്തിലെ ലൈസന്‍സുള്ള ചിക്കന്‍ സ്റ്റാളുകളില്‍ മാലിന്യ പരിപാലനം സംബന്ധിച്ച് ലോഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. സ്വന്തമായി മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്ത ഇറച്ചി വ്യാപാരികള്‍ കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ശേഖരണ സംവിധാനം പ്രയോജനപ്പെടുത്തേണ്ടതും കോര്‍പറേഷന്‍ തയാറാക്കി നല്‍കുന്ന ലോഗ് കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതുമാണ്. ഇതിലേക്കാവശ്യമായ ലോഗ് ഷീറ്റുകള്‍ നഗരസഭ അച്ചടിച്ച് നല്‍കും. സഹകരിക്കാത്ത വ്യാപാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.