ക്ളാസില്‍ വരാതെ മുങ്ങുന്നവരെ പിടിക്കാന്‍ പൂവച്ചല്‍ സ്കൂളില്‍ ‘പാസ്’ എത്തി

കാട്ടാക്കട: പൂവച്ചല്‍ വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ വീട്ടുകാരറിയാതെ ക്ളാസില്‍ വരാതിരുന്നാല്‍ രക്ഷാകര്‍ത്താക്കള്‍ അതപ്പോള്‍തന്നെ അറിയും. വീട്ടില്‍ നിന്നറങ്ങി ക്ളാസ് കട്ടുചെയ്യുന്ന വിരുതന്മാരെ കുടുക്കാനായി പുതിയ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനായ പേരന്‍റ്സ് അലര്‍ട്ട് എസ്.എം.എസ് സിസ്റ്റം (പാസ്) രൂപം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയില്ളെങ്കില്‍ രക്ഷാകര്‍ത്താക്കളുടെ ഫോണിലേക്ക് എസ്.എം.എസ് സന്ദേശം നല്‍കുന്ന ഈ സോഫ്റ്റ്വെയര്‍ മഞ്ച സ്കൂളിലെ അധ്യാപകനായ സെയ്യദ് ഷിയാസാണ് രൂപ കല്‍പന ചെയ്തത്. വി.എച്ച്.എസ് വിഭാഗത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അധ്യാപികയും പ്രിന്‍സിപ്പലുമായ സീമ സേവ്യര്‍, അധ്യാപകരായ വി.ആര്‍. വിനോദ്, സമീര്‍ സിദ്ദീഖി, വിനോദ് മുണ്ടേല എന്നിവരുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ദിവസവും രാവിലെ ഹാജറെടുത്തു കഴിഞ്ഞാല്‍ അതത് ക്ളാസ് ടീച്ചര്‍മാര്‍ വരാത്തവരുടെ ലിസ്റ്റ് കൊടുക്കും. ഒരു ക്ളിക്കില്‍ എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും സന്ദേശം ലഭിക്കും. കൂടാതെ, ഓരോ വിദ്യാര്‍ഥിയുടെയും ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശവും ലഭിക്കും. സോഫ്റ്റ്വെയറിന്‍െറ പ്രവര്‍ത്തനോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്‍െറ സാന്നിധ്യത്തില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.