കിഴക്കേകോട്ടയില്‍ വീണ്ടും അപകടമരണം: വീട്ടമ്മയുടെ ജീവനെടുത്തത് അശാസ്ത്രീയ പരിഷ്കാരമെന്ന്

തിരുവനന്തപുരം: കിഴക്കേകോട്ടയെ ചോരക്കളമാക്കി വീണ്ടും അപകടമരണം. ഇത്തവണ കെ.എസ്.ആര്‍.ടി.സി ബസിന് മുന്നില്‍ ജീവന്‍ പൊലിഞ്ഞത് വീട്ടമ്മയുടേത്. നിരവധി ജീവന്‍ പൊലിഞ്ഞിട്ടും പരിഹാരം കാണാന്‍ സര്‍ക്കാറിനോ നഗരസഭക്കോ പൊലീസിനോ സാധിക്കാത്തതാണ് വീണ്ടും ഇവിടെ ചോര ചിതറാനിടയായത്. അതിദാരുണമായിരുന്നു വീട്ടമ്മയുടെ മരണം. ബസ് കയറി ശരീരം റോഡില്‍ ചിതറി. ട്രാഫിക് പൊലീസ് ചുറ്റും നില്‍ക്കവെതന്നെ മരണം ആവര്‍ത്തിക്കുന്നത് അശാസ്ത്രീയ പരിഷ്കാരംമൂലമാണെന്ന് പൊലീസ്തന്നെ പറയുന്നു. കിഴക്കേകോട്ടയോട് ചേര്‍ന്ന ബസ്സ്റ്റാന്‍ഡിന് മുന്നിലെ ഡിവൈഡറാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ബസ്സ്റ്റാന്‍ഡിനും റോഡിനും ഇടയിലായി ഡിവൈഡര്‍ നിര്‍മിച്ചതോടെ ബസ് കയറാന്‍ സ്ഥലമില്ലാതായി. ഇതോടെ ബസ് നിര്‍ത്തുന്നത് കൂടുതലും റോഡിലായി. ബസിന് യാത്രക്കാരും ഇതോടെ ഡിവൈഡറിലും റോഡിലും നില്‍ക്കേണ്ട അവസ്ഥയാണ്. കുരുങ്ങിക്കിടക്കുന്ന ബസുകള്‍ക്കിടയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചാല്‍ അപകടം ഉറപ്പ്. ഇത്തരം അപകടം തടയാന്‍ സ്കൈവാക് നിര്‍മിക്കണമെന്ന മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം നടപ്പാക്കാനും അധികൃതര്‍ക്കായിട്ടില്ല. പൊലീസും നഗരസഭയും അനുകൂല നിലപാട് എടുത്തിട്ടും പൊതുമരാമത്ത് വകുപ്പ് അനുമതി കിട്ടാത്തതാണ് തടസ്സമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.