മുതലപ്പൊഴിയില്‍ സര്‍ക്കാറിന്‍െറ വാഗ്ദാനങ്ങള്‍ ജലരേഖ നാട്ടുകാരുടെ പരിശ്രമം; ടൂറിസത്തിന് പുത്തനുണര്‍വ്

കഴക്കൂട്ടം: ടൂറിസം മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികള്‍ ജലരേഖയാകുന്നു. നാട്ടുകാരുടെ ശ്രമഫലമായി പ്രദേശത്ത് ടൂറിസത്തിന് പുത്തനുണര്‍വ്. സര്‍ക്കാര്‍ നാലുകോടിയോളം രൂപയാണ് വിവിധ പദ്ധതികള്‍ക്കായി മുതലപ്പൊഴിയില്‍ പ്രഖ്യാപിച്ചതെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. എം.എല്‍.എ ഫണ്ടില്‍നിന്ന് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകള്‍ വന്നതോടെ പ്രദേശം ഇരുട്ടില്‍നിന്ന് മുക്തമായി. പെരുമാതുറ-താഴംപള്ളി പാലം വന്നതോടെ സഞ്ചാരികളുടെ തിരക്കേറിയ മുതലപ്പൊഴിയില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയപ്പെടുകയായിരുന്നു. സഞ്ചാരികള്‍ കടലപകടങ്ങളില്‍പെടുന്നത് തടയാനും അടിയന്തര സഹായങ്ങള്‍ക്കുമായി ലൈഫ് ഗാര്‍ഡ് അടക്കം സംവിധാനം ആരംഭിക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും നടപ്പായില്ല. കടലില്‍ അപകടത്തില്‍പെടുന്നവരെ നാട്ടുകാര്‍ തന്നെയാണ് രക്ഷപ്പെടുത്തുന്നത്. മുതലപ്പൊഴിയിലെ ടൂറിസം വികസനത്തിന് സാധ്യതകള്‍ ഏറെയാണെങ്കിലും വകുപ്പുകള്‍ കാട്ടുന്നത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍തന്നെ മുന്‍കൈയെടുത്ത് വിവിധ ടൂറിസം പദ്ധതികളാണ് മുതലപ്പൊഴിയില്‍ വരാന്‍ പോകുന്നത്. അതിന്‍െറ മുന്നൊരുക്കമായി പെരുമാതുറ സ്വദേശി കുതിരയെ വാങ്ങി സഞ്ചാരികള്‍ക്കായി കടല്‍ത്തീര കുതിരസവാരി ആരംഭിച്ചു. രണ്ട് കുതിരയെക്കൂടി ഞായറാഴ്ച സവാരിക്കായി മുതലപ്പൊഴിയിലത്തെിച്ചു. സ്വകാര്യവ്യക്തി ആരംഭിക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍െറ പണി ഉടനെ ആരംഭിക്കും. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ദിനംപ്രതി വന്നുപോകുന്ന മുതലപ്പൊഴിയില്‍ ടോയിലറ്റ് സംവിധാനമടക്കം സ്ഥാപിച്ചിട്ടില്ലാത്തത് സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. ഇതിന് പരിഹാരമായി പേ ആന്‍ഡ് യൂസ് ടോയിലറ്റ് സ്ഥാപിക്കാനുള്ള നീക്കവും നാട്ടുകാര്‍ ആരംഭിച്ചിട്ടുണ്ട്. തിരകളില്‍ വന്നടിയുന്ന മാലിന്യമടക്കം തീരത്ത് കൂടിക്കിടക്കുന്നത് മാറ്റാന്‍ നടപടിയില്ല. നാട്ടുകാരാണ് അതിനും മുന്‍കൈയെടുക്കുന്നത്. മാലിന്യം അടിഞ്ഞുകിടക്കുന്നത് സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. പുതിയ സംരംഭങ്ങള്‍ മുതലപ്പൊഴിയിലെ ടൂറിസം സാധ്യതക്ക് പുത്തനുണര്‍വേകുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.