നെടുമങ്ങാട്: നഗരസഭയിലെ മുഴുവന്‍ ജീവനക്കാരും ബുധനാഴ്ച കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിച്ചു. ജീവനക്കാരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഭീഷണിപ്പെടുത്തുകയും സുഗമമായി ജോലി ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജീവനക്കാര്‍ അവധിയെടുത്തതോടെ നഗരസഭയില്‍ ഭരണസ്തംഭനമുണ്ടായി. ജീവനക്കാരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായാണ് പരാതി. എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ ഇടതുസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. ഇടതുസംഘടനകളുടെ തീരുമാനത്തോട് മറ്റ് സംഘടനകളും യോജിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറി മാത്രമാണ് കഴിഞ്ഞ ദിവസം ജോലിക്ക് കയറിയത്. പുതിയ നഗരസഭാ ഭരണസമിതി അധികാരമേറ്റതോടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമായി നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. നിലവിലെ ചെയര്‍മാന് പുറമെ ചില സൂപ്പര്‍ ചെയര്‍മാന്മാരും ഭരണത്തില്‍ ഇടപെടുന്നതായി ജീവനക്കാര്‍ പരാതിയുയര്‍ത്തിയിരുന്നു. അഭിപ്രായവ്യത്യാസം രൂക്ഷമായതിനാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കേണ്ട പല പദ്ധതികളും അവതാളത്തിലായി. നഗരസഭയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതായും ആരോപണമുണ്ട്. ഏറ്റവുമൊടുവില്‍ ആരോഗ്യവിഭാഗത്തിലെ ജീവനക്കാരനെയും കെട്ടിടനിര്‍മാണ വകുപ്പിലെ ജീവനക്കാരെയും നഗരസഭാ സെക്രട്ടറിയേയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. എന്നാല്‍, ജീവനക്കാരുടെ അഴിമതിയും കൈക്കൂലിയും എതിര്‍ത്തതിനാണ് ഭീഷണിപ്പെടുത്തിയതെന്നും അസഭ്യം പറഞ്ഞെന്നുമുള്ള ആരോപണങ്ങള്‍ ജീവനക്കാര്‍ ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അഴിമതി കണ്ടത്തെിയിട്ടുണ്ടെങ്കില്‍ കൈയോടെ പിടിക്കട്ടേയെന്ന് ജീവനക്കാരും പറയുന്നു. പകരം അവഹേളനവും ആക്ഷേപവും ഭീഷണിയും സഹിച്ച് ജോലി ചെയ്യാനാവില്ളെന്ന ഉറച്ച നിലപാടിലാണ് ജീവനക്കാര്‍. ചൊവ്വാഴ്ച അവധി അപേക്ഷ നല്‍കിയാണ് ജീവനക്കാര്‍ മടങ്ങിയത്. ബുധനാഴ്ച ജീവനക്കാരെല്ലാം എത്തിയെങ്കിലും ആരും ജോലിയില്‍ പ്രവേശിച്ചില്ല. 11 മണിയോടെ യൂനിയന്‍ നേതാക്കള്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനുമായി ചര്‍ച്ച നടത്തി ജീവനക്കാരെ ജോലിക്ക് കയറ്റാമെന്ന് സമ്മതിച്ചു. എന്നാല്‍, ജോലിയില്‍ കയറാനുള്ള യൂനിയന്‍ നേതാക്കളുടെ ആവശ്യം മറ്റ് ജീവനക്കാര്‍ അംഗീകരിച്ചില്ല. സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ സ്റ്റാഫ് മീറ്റിങ് വിളിച്ച് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായാലേ ജോലിയില്‍ കയറൂവെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച 10ന് ജീവനക്കാരുടെ പ്രതിനിധികളുമായും 11ന് ജീവനക്കാരുമായും ചര്‍ച്ച നടത്താമെന്ന് ചെയര്‍മാന്‍ ഉറപ്പുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.