ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പാലോട്

പാലോട്: ഗതാഗതക്കുരുക്കില്‍ പാലോട് നഗരപ്രദേശം വീര്‍പ്പുമുട്ടുന്നു. നേരത്തേയുണ്ടായിരുന്ന പാര്‍ക്കിങ് നിയന്ത്രണം പാലിക്കാന്‍ സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ തയാറാകാത്തതാണ് കുരുക്കിന് കാരണം. രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ നിര്‍ത്തിയിടുന്ന കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം മിക്കപ്പോഴും വരിവരിയായി ബസുകള്‍ കാണാം. കല്ലറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഇവിടെയാണ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്. പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമേ ബസുകള്‍ ഇവിടെ എത്താവൂവെന്ന് രണ്ടുവര്‍ഷം മുമ്പ് നിഷ്കര്‍ഷ വെച്ചിരുന്നു. ഏതാനും നാള്‍ ഇത് പാലിക്കപ്പെട്ടെങ്കിലും ഇപ്പോള്‍ നിയന്ത്രണങ്ങളെലാം അവസാനിച്ച മട്ടാണ്. അരമണിക്കൂര്‍വരെ സമയം സ്വകാര്യ ബസുകള്‍ ഇവിടെ നിര്‍ത്തിയിടുന്നു. പെരിങ്ങമ്മല, മടത്തറ റോഡുകളിലും ഇതുതന്നെയാണ് അവസ്ഥ. ബസുകള്‍ക്ക് പുറമേ സ്വകാര്യ വാഹനങ്ങളും ടൗണിലെ കടകള്‍ക്ക് മുന്നിലും മറ്റും പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനും സംവിധാനങ്ങളില്ല. അന്തര്‍സംസ്ഥാന പാതയായതിനാല്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലമാണ് ഇവിടം. റോഡിന് ആവശ്യമായ വീതിയില്ലാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്ത് ഭരണസമിതികളും പൊലീസും വ്യാപാരികളും കൂട്ടായി ആലോചിച്ച് ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.