യാചക പുനരധിവാസം: "സാക്ഷാത്കരി'ക്കുമ്പോഴും മാര്‍ഗനിര്‍ദേശങ്ങള്‍ ത്രിശങ്കുവില്‍

തിരുവനന്തപുരം: കോര്‍പറേഷന്‍െറ യാചക പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ വിഷുദിനമായ ഇന്ന് പുതിയ വീടായ ‘സാക്ഷാത്കാര’ത്തിലേക്ക് മാറുമെങ്കിലും സംരക്ഷണം സംബന്ധിച്ച മാര്‍ഗനിര്‍ദേശം ത്രിശങ്കുവില്‍. കല്ലടിമുഖത്ത് ബി.എസ്.യു.പി പദ്ധതി പ്രദേശത്ത് നിര്‍മിച്ച സാക്ഷാത്കാരം എന്ന വീട്ടിലേക്കാണ് അന്തേവാസികള്‍ വ്യാഴാഴ്ച മാറുക. പരിമിതമായ സൗകര്യങ്ങളില്‍നിന്നാണ് കല്ലടിമുഖത്തേക്ക് മാറുന്നതെങ്കിലും അന്തേവാസികളുടെ താമസവും ഭക്ഷണവും ചികിത്സയും പുനരധിവാസവും അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം ഇതുവരെ രൂപപ്പെട്ടിട്ടില്ല. കൊത്തളത്ത് സ്ത്രീകളും പുരുഷന്മാരുമടക്കം 36 അന്തേവാസികളാണ് ഉള്ളത്. അവരില്‍ 15 പേര്‍ മാനസികമായും ശാരീരികമായും രോഗാവസ്ഥയിലുള്ളവരാണ്. ഇവരെ പരിചരിക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. മാനസികരോഗം മാറിയവരെ ബന്ധുക്കള്‍ക്കൊപ്പം വിടുന്നകാര്യത്തിലും കൃത്യമയ തീരുമാനം കോര്‍പറേഷന്‍ സ്വീകരിച്ചിട്ടില്ല. പലര്‍ക്കും തിരിച്ചുപോകാന്‍ താല്‍പര്യമുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. യാചകരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ‘ബൈലോ’ ഇല്ലാത്തത് വലിയൊരു തടസ്സമാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് ഇടനല്‍കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, കൊത്തളത്തിലെ പരിമിതികള്‍ ഒഴിവാക്കി സാക്ഷാത്കാരത്തിലേക്ക് മാറുന്നത് കൃത്യമായ മാര്‍ഗനിര്‍ദേശത്തോടെയാണെന്ന് കോര്‍പറേഷന്‍ സെക്രട്ടറി എം. നിസാറുദ്ദീന്‍ പറഞ്ഞു. അന്തേവാസികളുടെ ഭക്ഷണം, ചികിത്സ, പുനരധിവാസം തുടങ്ങിയ എല്ലാ കാര്യങ്ങളും കോര്‍പറേഷന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും നടത്തുക. ഭക്ഷണവിതരണം കോര്‍പറേഷന്‍ നേരിട്ട് നടത്തുന്നതോടൊപ്പം സ്പോണ്‍സര്‍മാരുടെ സഹകരണവും സ്വീകരിക്കും. സാക്ഷാത്കാരത്തിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പ്ളാന്‍ഫണ്ടിന്‍െറ അഞ്ചുശതമാനം നീക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സാമ്പത്തികപരിമിതി ഇക്കാര്യത്തില്‍ ഉണ്ടാകില്ല. രോഗം ഭേദമായവര്‍ക്ക് തിരികെ വീട്ടില്‍ പോകണമെങ്കില്‍ അവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ കോര്‍പറേഷന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. നൂറോളം പേര്‍ക്ക് താമസസൗകര്യമുള്ള പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.