പേരും പെരുമയും നഷ്ടപ്പെട്ട് നെയ്യാറ്റിന്‍കര ചന്ത

നെയ്യാറ്റിന്‍കര: ഏതുസമയത്തും ഇടിഞ്ഞു വീഴാവുന്ന മുനിസിപ്പല്‍ കെട്ടിടങ്ങള്‍. വെയിലത്തും മഴയത്തും വിശ്രമിക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുന്ന കച്ചവടക്കാര്‍. മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന അന്തരീക്ഷം. ഇതിനിടയില്‍ തെരുവ് നായ്ക്കളുടെ ശല്യവും. നെയ്യാറ്റിന്‍കര ടൗണ്‍ മാര്‍ക്കറ്റിന്‍െറ ദയനീയചിത്രമാണിത്. ഒരുനൂറ്റാണ്ടിന്‍െറ പേരും പെരുമയുമുള്ള ചന്തയില്‍ ഇന്ന് അടിസ്ഥാനസൗകര്യം പോലുമില്ല. പുലര്‍ച്ചെ ഒരു മണിമുതല്‍ രാത്രി 11 വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. വെളിച്ചക്കുറവ് ചന്തയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സ്ഥിതിയാണ്. അതിനാല്‍ രാത്രിയായാല്‍ മത്സ്യകച്ചവടം റോഡിലേക്ക് നീങ്ങുന്നു. ഇതുകാരണം ദേശീയപാതയില്‍ ഗതാഗതതടസ്സവും അപകടങ്ങളും നിത്യസംഭവമാണ്. മാലിന്യനിര്‍മാര്‍ജനം ചന്ത നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ദിവസം ടണ്‍ കണക്കിന് മാലിന്യമാണ് ചന്തയില്‍ നിന്ന് പുറന്തള്ളുന്നത്. സംസ്കരിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ഇത് പരിഹരിക്കാനായി ചന്തയില്‍ മൂന്ന് വര്‍ഷം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ അലി ഫാത്തിമയുടെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ മുടക്കി മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിച്ചിരുന്നു. എന്നാല്‍, നാളിതുവരെയും അത് പ്രവര്‍ത്തിപ്പിച്ചിട്ടില്ല. ഇതുകാരണം സമീപത്തെ പാറമുകളിലും മാലിന്യസംസ്കരണ പ്ളാന്‍റിലും സമീപത്തുമാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. കൂട്ടത്തില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങളുമുണ്ട്. ഇവ തെരുവു നായ്ക്കളും പക്ഷികളും കൊത്തിവലിച്ച് സമീപത്തെ വീടുകളിലും കിണറ്റിലുമാണ് കൊണ്ടിടുന്നത്. ഇത് പരിസരവാസികള്‍ക്ക് പകര്‍ച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നു. ചന്തമാലിന്യങ്ങള്‍ മുഴുവനും സമീപത്തെ നെയ്യാറിലേക്കൊഴുകുന്ന തോട്ടിലാണ് നിറയുന്നത്. ഈ തോടിനെ ആശ്രയിച്ച് ജീവിക്കുന്ന സമീപവാസികളായ നിരവധിപേര്‍ക്ക് ഇപ്പോള്‍ തോട്ടില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് വെള്ളമെടുക്കാനോ പറ്റാത്ത സാഹചര്യമാണ്. ചന്തക്കുള്ളില്‍ ആവശ്യത്തിന് കടമുറികളുമില്ല. നിലവിലുള്ള കടകളില്‍ പലതും കാലപ്പഴക്കത്താല്‍ പൊളിഞ്ഞു തുടങ്ങി. ചില കെട്ടിടങ്ങളുടെ മുകളില്‍ ആല്‍മരങ്ങളും കിളിര്‍ത്ത് തുടങ്ങി. ഇതിന്‍െറ വേരുകള്‍ കോണ്‍ക്രീറ്റ് പൊളിച്ച് കടമുറിക്കുള്ളില്‍ വരെ എത്തിയിട്ടുണ്ട്. ചന്തയിലത്തെുന്ന പഴം പച്ചക്കറി കച്ചവടക്കാര്‍ക്ക് വില്‍പന നടത്താന്‍ പ്രത്യേക സൗകര്യങ്ങളൊന്നുമില്ല. ആകെയുള്ളത് മത്സ്യകച്ചവടം നടത്താനുള്ള സ്ഥലം മാത്രമാണ്. അവിടമാവട്ടെ ആസ്ബറ്റോസ് ഷീറ്റ് ദ്രവിച്ച് മഴപെയ്താല്‍ കുട ചൂടിയിരിക്കേണ്ട അവസ്ഥയിലാണ്. ചന്തയിലെ മലിനജലം കെട്ടിക്കിടക്കുന്നതും തെരുവുനായ്ക്കളുടെ ആക്രമണവും കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ചന്തയെ ആധുനിക രീതിയില്‍ നവീകരിച്ച് മാലിന്യസംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിച്ച് ഇവിടെ എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി ചന്തയുടെ പേരും പെരുമയും കാത്തുസൂക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.