കോര്‍പറേഷന്‍: സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന്

തിരുവനന്തപുരം: കോര്‍പറേഷനിലെ സ്ഥിരം സമിതി (സ്റ്റാന്‍ഡിങ് കമ്മിറ്റി) അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്നിന് നടക്കും. തൊട്ടടുത്ത ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയും മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫും സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന കാര്യം ഇതുവരെ അറിയിച്ചിട്ടില്ല. ഒന്നാം തീയതിക്ക് മുമ്പ് അവരുടെ അഭിപ്രായത്തിനായി കാക്കുകയാണ് ഭരണമുന്നണി. 100 അംഗങ്ങളുള്ള കോര്‍പറേഷന്‍ ഭരണസമിതിയില്‍ എല്ലാ അംഗവും ഏതെങ്കിലും സ്ഥിരം സമിതിയില്‍ അംഗമാവും. 43 അംഗങ്ങളുള്ള എല്‍.ഡി.എഫ് തന്നെയാവും പ്രധാനപ്പെട്ട സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം കൈവശംവെക്കുക. എന്നാല്‍, 35 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളെങ്കിലും നല്‍കേണ്ടിവരും. 21 അംഗങ്ങളുള്ള യു.ഡി.എഫിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി കിട്ടാനാണ് സാധ്യത. ധനകാര്യം, വികസനം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണം, നികുതി- അപ്പീല്‍, വിദ്യാഭ്യാസം- കായികം എന്നീ എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് കോര്‍പറേഷനിലുള്ളത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐക്ക് നല്‍കിയതിനാല്‍ കീഴ്വഴക്കം അനുസരിച്ച് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം അവര്‍ക്ക് തന്നെയാവും. എന്നാല്‍, ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടി തങ്ങള്‍ക്ക് വേണമെന്ന ആവശ്യം സി.പി.ഐ ഇപ്പോള്‍തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്‍.ഡി.എഫിലെ ഘടകകക്ഷികളില്‍ ഒറ്റ അംഗം മാത്രമുള്ളവര്‍ക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനം നല്‍കേണ്ടതില്ളെന്ന് നേരത്തേ സി.പി.എമ്മില്‍ അഭിപ്രായം ഉണ്ടായെങ്കിലും ഒറ്റ അംഗം മാത്രമുള്ളവര്‍ക്കും സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നല്‍കുമെന്നാണ് മേയര്‍ വി.കെ. പ്രശാന്ത് സൂചിപ്പിച്ചത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന അഭിപ്രായം പൊതുവില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.