കഴക്കൂട്ടം ബൈപാസ് നിര്‍മാണം: പത്ത് കുടുംബങ്ങള്‍ പെരുവഴിയിലേക്ക്

വിഴിഞ്ഞം: കഴക്കൂട്ടം, കോവളം, കാരോട് ബൈപാസ് റോഡ് നിര്‍മാണ ജോലികള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും പാത കടന്നുപോകുന്ന മുക്കോലപീച്ചോട്ടുകോണത്ത് 10 കുടുംബങ്ങള്‍ പെരുവഴിയിലേക്ക്. പാത നിര്‍മാണത്തിനുവേണ്ട സ്ഥലത്ത് താമസിക്കുന്ന ഈ കുടുംബങ്ങളോട് 30നകം ഒഴിയാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പീച്ചോട്ടുകോണത്തെ ഇ.എം.എസ് കോളനി നിവാസികള്‍ക്കാണ് ഈ ഗതികേട്. താമസിക്കാന്‍ പകരം ഭൂമി ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോള്‍ വെറും ഭൂമിയില്‍ തങ്ങള്‍ എങ്ങനെ താമസിക്കാനാണെന്ന് രോഗികളും പട്ടിണിപ്പാവങ്ങളുമായ ഈ നിരാലംബര്‍ ചോദിക്കുന്നു. ഭൂമിയില്‍ താല്‍ക്കാലിക ഷെഡെങ്കിലും പണിതുതരാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ താമസമാരംഭിച്ചവരാണ് ഇവര്‍. പാതനിര്‍മാണത്തിന് ഭൂമിയേറ്റെടുത്തപ്പോള്‍ പട്ടയമില്ളെന്ന പേരില്‍ ഇക്കൂട്ടരെ നഷ്ടപരിഹാരപട്ടികയില്‍നിന്ന് ഒഴിവാക്കിയെന്നാണ് പരാതി. പരാതികളെതുടര്‍ന്ന് ഇവര്‍ക്ക് പകരം ഭൂമി ലഭ്യമാക്കാന്‍ അധികൃതര്‍ സമ്മതിച്ചു. കോവളം ഭാഗത്ത് ഇതിനായി സ്ഥലവും കണ്ടത്തെി. എന്നാല്‍, പാറക്കെട്ടുകളും മറ്റും നിറഞ്ഞ ഈ ഭൂമി വാസയോഗ്യമല്ളെന്ന പേരില്‍ ഇവര്‍ സ്വീകരിക്കാന്‍ തയാറായില്ല. പിന്നീട് കോവളത്തെ മറ്റൊരു ഭാഗത്ത് പുതിയ സ്ഥലം കണ്ടത്തെി. ഇതിനും പട്ടയം അനുവദിച്ചിട്ടില്ളെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല വെള്ളം, വെളിച്ചം തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതക്കുറവുമുണ്ട്. നല്‍കുന്ന ഭൂമിയില്‍ വീടുവെച്ച് നല്‍കാമെന്ന് മുമ്പ് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നില്ളെന്നും പരാതിയുണ്ട്. കോളനിയില്‍ ഏതുസമയത്തും നിലംപൊത്താവുന്ന വീടുകളിലാണ് ഇവര്‍ കഴിയുന്നത്. പാതനിര്‍മാണം ആരംഭിച്ചതോടെ മഴ വെള്ളം കുത്തിയൊഴുകി മണ്ണുകൊണ്ട് പണിത വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായി. മഴക്കാലത്ത് വീട് തകര്‍ച്ച ഭയന്ന് രാത്രിയില്‍ ഉറക്കമിളച്ചാണ് ഇവര്‍ കഴിയുന്നത്. മിക്ക വീട്ടുകാരും വാര്‍ധക്യം ബാധിച്ചവരും രോഗികളുമാണ്. സ്ത്രീകള്‍ മാത്രമുള്ള കുടുംബങ്ങളുമുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ പലരും രോഗബാധിതരുമാണ്. 30ന് തങ്ങളെ ഇറക്കിവിട്ടാല്‍ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് ഇവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.