ആറ്റിങ്ങല്‍: ഒന്നിച്ചു കളിച്ച്, ചിരിയോടെ പിരിഞ്ഞ സഹഹാഠികളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ തേങ്ങലുകളും നിലവിളികളുമായി നിന്ന സുഹൃത്തുക്കള്‍ കൂടിനിന്നവരുടെ കണ്ണുകളെ നനയിച്ചു. കോരാണി പുകയിലത്തോപ്പ് ഐ.ടി.ഐയിലെ തൊഴില്‍ പരിശീലന കേന്ദ്രത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളായിരുന്നു എന്‍. അശ്വതിയും ടി. അശ്വതിയും. ഇരുവരും ഒരേ ബാച്ചിലെ ഒരേ ക്ളാസിലെ വിദ്യാര്‍ഥിനികളാണ്. ഇരുവരുടെയും അപ്രതീക്ഷിത വേര്‍പാടും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒമ്പത് കുട്ടികളുടെയും അവസ്ഥയോര്‍ത്ത് വിഷമിച്ചാണ് വിദ്യാര്‍ഥികള്‍ ശനിയാഴ്ച ഐ.ടി.ഐയിലത്തെിയത്. പലരും ശനിയാഴ്ച ക്ളാസിനത്തെിയപ്പോഴാണ് അപകട വിവരം അറിയുന്നതും. ശോകമൂകമായ ക്ളാസില്‍നിന്ന് തേങ്ങലുകള്‍ മാത്രം ഉയര്‍ന്ന് കേട്ടു. ഉച്ചക്ക് ഒന്നോടെ ഇരുവരുടെയും മൃതദേഹം ഇവിടെയത്തെിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും നാട്ടുകാരുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പ്രിയ സഹപാഠികളുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ നിലവിളികളോടെ വീണ കുട്ടികളെ അധ്യാപകരും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന് ക്ളാസ് മുറികളിലേക്ക് തിരികെ കൊണ്ടുപോയി. അരമണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷം ഒന്നരയോടെ വീടുകളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി. ഐ.ടി.ഐയിലെ ക്ളാസ് സമയം കഴിഞ്ഞതിന് ശേഷം ആറ്റിങ്ങല്‍ ഭാഗത്തേക്കുള്ള ആദ്യ ബസിലാണ് ഇവര്‍ ഉള്‍പ്പെടെയുള്ള 11 വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഈ ബസാണ് അപകടത്തില്‍പ്പെട്ടതും. ഈ ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ കടുവയില്‍ വെള്ളൂര്‍ക്കോണം മിഥുന്‍ നിവാസില്‍ മിഥുന്‍ എസ്. സരസന്‍, കടുവയില്‍ കൊട്ടാരവിളവീട്ടില്‍ മണികണ്ഠന്‍, വെള്ളല്ലൂര്‍ തേവലക്കാട് സുമിവിലാസത്തില്‍ സുമി ജി.എസ്, വഞ്ചിയൂര്‍ കടവിള സേതുഭവനില്‍ സേതുലക്ഷ്മി, പനപ്പാംകുന്ന് സുധീഷ് ഭവനില്‍ സുധീഷ്.ആര്‍, വെട്ടിയറ കിഴക്കാണ്ട സിജുഭവനില്‍ സിജി എസ്.എസ്, മുട്ടപ്പലം പറയാന്‍വിളാകം സംഗീത.എസ്, ഊരുപൊയ്ക കല്ലൂര്‍കുന്നില്‍ വീട്ടില്‍ ശിവന്‍.വി., കിഴുവിലം കാട്ടുംപുറം പുത്തന്‍വിളവീട്ടില്‍ സിജിന്‍ജെ.എസ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനോ അവസാനമായി ഒരു നോക്കുകാണാനോ ഇവര്‍ക്കായിട്ടില്ല. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരികള്‍ തങ്ങളെ വിട്ടുപോയ വിവരം ഇതുവരെ അറിഞ്ഞിട്ടുമില്ല. ഐ.ടി.ഐയില്‍ പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ വി.ശശി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.ഷൈലജാബീഗം, ചിറയിന്‍കീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.സുഭാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. വി. ജോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എ. അന്‍സാര്‍, വിജയകുമാരി, ഗീരീഷ്കുമാര്‍, രാഷ്ട്രീയ നേതാക്കളായ എം.എ. ലത്തീഫ്, ജി.വേണുഗോപാലന്‍നായര്‍, ഇളമ്പ ഉണ്ണികൃഷ്ണന്‍, മുദാക്കല്‍ ശ്രീധരന്‍, വിശ്വനാഥന്‍നായര്‍, മനോജ് ബി.ഇടമന തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പട്ടികജാതി വികസന വകുപ്പ് ഉന്നതോദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.