ആറ്റിങ്ങല്‍: കായലും കടലും ചേരുന്ന പെരുമാതുറ മുതലപ്പൊഴിയുടെ സൗന്ദര്യം നുകരാന്‍ പ്രതിദിനം ആയിരങ്ങള്‍ എത്തുമ്പോഴും സുരക്ഷാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നത് വൈകുന്നു. പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി തീരപ്രദേശങ്ങള്‍ വിനോദ സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്. എന്നാല്‍ ടൂറിസ്റ്റുകളുടെ വരവിന് അനുസൃതമായി ഇവിടെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാത്തത് മേഖലയുടെ വികസനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്. സഞ്ചാരികളുടെ സുരക്ഷക്കായി പ്രത്യേകമായി ഒരു നടപടിയില്ളെന്നതാണ് കാര്യം. സഞ്ചാരികള്‍ കടലില്‍പെടുന്നത് പതിവായിട്ടും ഇക്കാര്യത്തില്‍ ഉണരാന്‍ തദ്ദേശഭരണകൂടമോ സര്‍ക്കാറോ തയാറായിട്ടില്ല. അടുത്തിടെയാണ് തിരയില്‍പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ചത്. അതിനാല്‍ തന്നെ ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കണമെന്നാണ് തീരവാസികളടക്കം ആവശ്യപ്പെടുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നത്. അപകടസ്ഥലങ്ങള്‍ സൂചിപ്പിച്ചുള്ള ബോര്‍ഡുകളുമില്ല. പുലിമുട്ടുകളില്‍നിന്ന് ആളുകള്‍ കാല്‍തെന്നി കടലിലേക്കും കായലിലേക്കും വീഴുന്നത് പതിവാണ്. ശക്തമായ തിരമാലയാണ് പുലിമുട്ടുകളുടെ ഭാഗത്തുള്ളത്. എന്നാല്‍ ഇവിടത്തെ അപകടാവസ്ഥയറിയാതെ സഞ്ചാരികള്‍ ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പെരുമാതുറ ഭാഗത്തെ വിശാലമായ ബീച്ചിലേക്ക് സഞ്ചാരികളെ തിരിച്ചുവിടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ഇക്കാര്യവും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. സഞ്ചാരികള്‍ക്കാവശ്യമായ ഇരിപ്പിടങ്ങളും മറ്റും ഒരുക്കി പൊലീസ് എയിഡ് പോസ്റ്റ് വേണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതും പരിഗണിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ തിരക്കുള്ള സമയങ്ങളില്‍ പൊലീസ് സാന്നിധ്യമുണ്ടെങ്കിലും സ്ഥിരം സംവിധാനം വേണമെന്നാണ് പൊതുവികാരം. വെളിച്ചമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലത്തില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. വെളിച്ചമില്ലാത്തതിനാല്‍ സഞ്ചാരികള്‍ നേരത്തെ തീരത്തുനിന്ന് മടങ്ങേണ്ട അവസ്ഥയാണ്. ഇരുട്ടിന്‍െറ മറവില്‍ സാമൂഹികവിരുദ്ധര്‍ സജീവമാണ്. വി. ശശി എം.എല്‍.എയും ഡോ. എ. സമ്പത്ത് എം.പിയും വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും യാഥാര്‍ഥ്യമായിട്ടില്ല. ഇതിനുപുറമെ ടോയ്ലെറ്റ്, വിശ്രമകേന്ദ്രം തുടങ്ങിയവയും സ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന്‍െറയൊന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. തീരത്ത് മാലിന്യം പെരുകാനും തുടങ്ങിയിട്ടുണ്ട്. വൈകുന്നേരങ്ങളിലെ തിരക്ക് കാരണം പെരുമാതുറ പാലത്തിലെ ഗതാഗത നിയന്ത്രണം പൊലീസിന് കീറാമുട്ടിയാവുകയാണ്. ഹാര്‍ബറിന്‍െറ ലേലപ്പുരകളിലും പാര്‍ക്കിങ് സ്ഥലങ്ങളിലുമാണ് നിലവിലെ ടൂറിസ്റ്റ് വാഹനങ്ങളുടെ പാര്‍ക്കിങ്. കഠിനംകുളം, അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരാണ് പാലത്തിലെ ഗതാഗത നിയന്ത്രണവും ക്രമസമാധാനവും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.