കുടില്‍കെട്ടി സമരഭൂമിയിലെ സംഘര്‍ഷം: സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ റിമാന്‍ഡില്‍

പേരൂര്‍ക്കട: കുടില്‍കെട്ടി സമരഭൂമിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേരെ കോടതി റിമാന്‍ഡ് ചെയ്തു. സമരസമിതി ചെയര്‍മാനും മുന്‍ കൗണ്‍സിലറുമായ വി.കെ. രാജേന്ദ്രന്‍ (47), നേമം സ്വദേശി വിശ്വംഭരന്‍ (60), ഗീത (42), ലിനി (31) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തതെന്ന് പേരൂര്‍ക്കട പൊലീസ് അറിയിച്ചു. മണ്ണാംമൂല ജി.സി നഗറില്‍ പിന്നാക്ക വിഭാഗക്കാര്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയില്‍ വ്യാഴാഴ്ചയാണ് ഇരുവിഭാഗം ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭവനരഹിതരായ പിന്നാക്ക വിഭാഗക്കാര്‍ നൂറിലേറെ ദിവസമായി നഗരസഭയുടെ ജി.സി നഗറിലെ ഭൂമി കൈയേറി കുടിലുകള്‍ കെട്ടി താമസിച്ച് സമരം ചെയ്തുവരുകയായിരുന്നു. ഇതിനിടെ നേരത്തേ സമരത്തില്‍ പങ്കെടുക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത ചിലര്‍ വ്യാഴാഴ്ച ഉച്ചയോടെ സമര ഭൂമിയിലേക്ക് ബാലാല്‍ക്കാരമായി പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇവര്‍ക്കുനേരെ സമരക്കാര്‍ കല്ളെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന അടിപിടിയില്‍ സമരസമിതി ചെയര്‍മാന്‍ രാജേന്ദ്രന്‍, സമര ഭൂമിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പൂജപ്പുര ചെറുകര സ്വദേശി അംബിക (49) എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റ അംബികയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും രാജേന്ദ്രനെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അംബികക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിലാണ് വി.കെ. രാജേന്ദ്രന്‍, വിശ്വംഭരന്‍, ഗീത എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. സമരഭൂമിയില്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിനിക്കെതിരെ കേസ്. അറസ്റ്റിലായവരില്‍ കോടതിയില്‍ ഹാജരാക്കിയ നാലുപെരെയാണ് റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ മറ്റുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കുടില്‍കെട്ടി സമരം നടക്കുന്ന പേരൂര്‍ക്കട മണ്ണാംമൂല ജി.സി. നഗറില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക പൊലീസ് നിരീക്ഷണവും കാവലും ഏര്‍പ്പെടുത്തിയിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.