തൃശൂർ: മലയാളി ഒരു വിലയും കൊടുക്കാത്ത ചിരട്ടക്ക് ഓൺലൈൻ ഷോപ്പിങ് രാജാക്കന്മാരായ ‘ ആമസോണിൽ’ 3000 രൂപ വിലയിട്ടത് കണ്ട് നാം ഞെട്ടിയിട്ട് അധികനാളായില്ല. എന്നാൽ ഒന്നു ഞെട്ടാ ൻ തയാറായിക്കോളൂ. തേങ്ങ തൊണ്ടിനുമുണ്ട് വൻ ഡിമാൻഡ്. തേങ്ങ പൊതിച്ചെടുത്ത് തൊണ്ട് വലിച്ചെറിഞ്ഞും കത്തിച്ചും കളയുന്നവർ ഇനിയൊന്ന് ചിന്തിക്കുക; അതും സമ്പാദ്യമാക്കാം, ഒപ്പം കുറേപ്പേർക്ക് ജീവിതമാർഗവും. ഒറ്റ ഫോൺ കോളിൽ, അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെട്ടാൽ കയർഫെഡ് തൊണ്ട് വാങ്ങാൻ നിങ്ങളെ തേടിയെത്തും. സംസ്ഥാന സർക്കാറിെൻറ രണ്ടാം കയർ പുനഃസംഘടന പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കയർഫെഡ് നാളികേര ഉൽപാദകരിൽനിന്നും വിതരണക്കാരിൽനിന്നും തൊണ്ട് സംഭരിച്ച് ചകിരിയാക്കുന്ന പദ്ധതി ഊർജിതപ്പെടുത്താൻ തീരുമാനിച്ചു. ഏകദേശം ഒരു വർഷം മുമ്പ് കയർഫെഡും പഞ്ചായത്ത് വകുപ്പും 200 കോടിയോളം രൂപയുടെ ധാരണാപത്രം ഒപ്പിട്ടിരുന്നു. കുളം, തോട് എന്നിവയുടെ കര സംരക്ഷിക്കാൻ കയർ ഭൂവസ്ത്ര നിർമാണത്തിനുള്ള ഇൗ കരാർ പക്ഷെ, ഇതുവരെ ഫലപ്രദമായി മുന്നോട്ട് െകാണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. വേണ്ടത്ര തൊണ്ട് ലഭ്യമല്ലാത്തതാണ് കാരണം.
ഇൗ സാഹചര്യത്തിൽകൂടിയാണ് തൊണ്ട് വാങ്ങാനുള്ള തീരുമാനം. ജില്ലയിലെ തുമ്പൂരിൽ കയർഫെഡിെൻറ ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. 2010ൽ പുതിയ യന്ത്രം സ്ഥാപിച്ച ശേഷം ഒരു ദിവസം കാൽ ലക്ഷം തൊണ്ട് സംസ്കരിക്കാൻ ശേഷിയുണ്ട്. ഒരു മുഴുവൻ തേങ്ങയുടെ ചകിരിയാണ് ഒരു തൊണ്ട്. ആയിരം തൊണ്ടിൽനിന്ന് 100 കിലോ ചകിരിനാര് കിട്ടും. ചകിരിനാര് കയർപിരി സംഘങ്ങൾക്ക് കൊടുത്ത് കയറാക്കി വാങ്ങി കയർഫെഡ് വിപണിയിലെത്തിക്കും. ചകിരിച്ചോറ് വിദേശത്ത് ഉൾപ്പെടെ ഡിമാൻറുള്ള ജൈവവളമാണ്. സംസ്ഥാനത്ത് പ്രതിവർഷം ഉൽപാദിപ്പിക്കുന്ന 600 കോടി നാളികേരത്തിെൻറ വലിയൊരുഭാഗം തൊണ്ടും പാഴായി പോകുകയാണെന്ന് കയർഫെഡ് മാനേജിങ് ഡയറക്ടർ സി. സുരേഷ്കുമാർ പറയുന്നു. ജില്ലയിൽ പാഴായിപ്പോകുന്ന തൊണ്ട് സംഭരിക്കുന്നതിലൂടെ നാളികേര കർഷകരെ സഹായിക്കുന്നതിനൊപ്പം കയർ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. തൊണ്ടിന് ആകർഷകമായ വില നൽകുമെന്ന് എം.ഡി പറഞ്ഞു. താൽപര്യമുള്ളവർക്ക് 82810 09869 എന്ന നമ്പറിലും mdcoirfed@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.