തൃശൂരിൽനിന്ന് ആരംഭിക്കുന്ന രാജ്യാന്തര റൈഡ് ഇ.ടി. ടൈസൻ എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്യുന്നു
കൊടുങ്ങല്ലൂർ: പരിമിതികളെ പാട്ടിന് വിട്ട് സൂരജും സംഘവും 12,000 കിലോമീറ്റർ രാജ്യാന്തര റൈഡ് ആരംഭിച്ചു. മറ്റു മനുഷ്യർക്ക് ലഭിക്കുന്ന എല്ലാ ഇടങ്ങളും ഭിന്നശേഷിക്കാർക്കും ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയുള്ള ആക്സസബിലിറ്റി അവയർനസിന്റെ കൂടി ഭാഗമായാണ് ഈ ഭിന്നശേഷിക്കാരനും സമാന അവസ്ഥയിലുള്ളവരും ഇത്തവണ രാജ്യാന്തര റൈഡിന് തിരിച്ചിരിക്കുന്നത്. ജില്ലയിലെ എടവിലങ്ങ് പഞ്ചായത്ത് ഒാഫിസിനുമുന്നിൽ ഇ.ടി. ടൈസൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൈലാസൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യക്കകത്ത് ഇതിന് മുമ്പ് നടത്തിയിട്ടുള്ള യാത്രകളുടെ അനുഭവസമ്പത്തിന്റെ പിൻബലത്തിലാണ് സൂരജും സംഘവും. തൃശൂരിൽനിന്ന് ചെന്നൈ, കൽക്കട്ട, നാഗലാൻഡ് പോയി അരുണാചൽപ്രദേശ് കയറി ഭൂട്ടാനിലും നേപ്പാളിലും കയറി ഡൽഹി ഹൈദ്രാബാദ് മംഗളൂർ വഴി തൃശൂർ തിരിച്ചെത്തും. സ്പെഷൽ ഡിസൈൻ ചെയ്ത വാഹനത്തിൽ അവർ തന്നെ ഡ്രൈവ് ചെയ്തുകൊണ്ടാണ് യാത്ര ചെയ്യുന്നത്. അപകടത്തിൽ സ്‌പൈനൽ കോഡിന് പരിക്കേറ്റ കൊടുങ്ങല്ലൂർ സ്വദേശി സൂരജിനൊപ്പം ഭാര്യ സൗമ്യയും മുചക്ര സ്‌കൂട്ടറിൽ ഉണ്ട്.
കൂടാതെ കാസർഗോഡ് സ്വദേശികളായ സഹോദരങ്ങൾ രാഗേഷും മനീഷും രഞ്ജിത്തും തിരുവനന്തപുരം സ്വദേശി രാകേഷും ഭാര്യ ലേഖയും ടീമിലുണ്ട്. രണ്ട് മുചക്ര സ്‌കൂട്ടറിലും ഒരു ഹാൻഡ് കൺട്രോൾ കാറിലുമാണ് യാത്ര. ലഡാക്കിലേക്കും കർഗിലിലേക്കും ഹിമാചലിലേക്കും ഒക്കെ യാത്ര ചെയ്ത പരിചയവും ആത്മവിശ്വാസം ഇവർക്കുണ്ട്. ഇവരുടെ യാത്രകളുടെ വിശേഷങ്ങൾ survival_safari എന്ന യുട്യൂബ് ചാനലിലും ecomade.in എന്ന ഇൻസ്റ്റാ പേജിലും ഉണ്ടാകും. ഇവർ പോകുന്ന ഇടങ്ങളിൽ താമസ ഭക്ഷണ സൗകര്യം ഏർപ്പാട് ചെയ്യാൻ താൽപര്യമുള്ളവർക്ക് 9562280398 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.