മുള്ളൂർക്കര: ഇ.എം.എസ് ഭവന നിർമാണ പദ്ധതിയിലുൾപ്പെടുത്തി ഭവനരഹിതരായ മൂന്ന് കുടുംബങ്ങൾക്ക് മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് അനുവദിച്ച സ്ഥലത്തുനിന്ന് ഉടമകൾ അറിയാതെ രാത്രി മണ്ണ് കടത്തി. ദുരിതത്തിലായത് മൂന്ന് നിർധന കുടുംബങ്ങൾ. 15 അടിയോളം താഴ്ചയിലാണ് മണ്ണെടുത്ത് കടത്തിയത്. ഇതോടെ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ഭയത്താൽ ഭവന നിർമാണം തുടങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബങ്ങൾ. പത്ത് സൻെറിലധികം വരുന്ന ഭൂമിയിലാണ് മണ്ണെടുത്തിട്ടുള്ളത്. സമീപത്ത് വീടുകൾ ഇല്ലാത്തതിനാൽ ഉടമകൾ പോലും വിവരമറിയുന്നത് സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടാണ്. മുള്ളൂർക്കര പഞ്ചായത്തിലെ കൊളവള്ളി പ്രദേശത്ത് ഒരേക്കർ സ്ഥലം പഞ്ചായത്ത് വിലയ്ക്കുവാങ്ങിയാണ് മൂന്ന് സൻെറ് വീതം ഭവനരഹിതർക്ക് പതിച്ചുനൽകിയത്. പലരും ഭവനനിർമാണം ആരംഭിക്കുകയും ചെയ്തു. ഇതിൽ ആറ്റൂർ അരങ്ങത്ത് പറമ്പിൽ ഉമൈബ, പുതുവീട്ടിൽ പാത്തുമ്മ, മുള്ളൂർക്കര കമ്പനിപടി സുജാത എന്നിവർക്കനുവദിച്ച സ്ഥലത്തെ മണ്ണാണ് പൂർണമായും കടത്തിയത്. ഇതോടെ മുകളിലെ സ്ഥലത്തെ മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്ന അവസ്ഥയിലാണ്. ഇനി ഭവന നിർമാണം നടക്കണമെങ്കിൽ 15 അടിയോളം ഉയരത്തിൽ കരിങ്കൽഭിത്തി കെട്ടണം. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ കുടുംബങ്ങൾക്ക് ഇത് താങ്ങാനാവാത്ത സ്ഥിതിയാണ്. അനധികൃതമായ മണ്ണെടുപ്പിനെതിരെ ഈ മൂന്ന് വീട്ടമ്മമാരും മുഖ്യമന്ത്രി, മന്ത്രിമാർ, കലക്ടർ, പൊലീസ് തുടങ്ങിയവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.