കൊടുങ്ങല്ലൂർ പൗരാവലിയുടെ പൗരാവകാശ സംരക്ഷണ മഹാറാലി 27ന്

കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി നിയമം ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ അട്ടിമറിക്കാനുള്ള ശ്രമമായതിനാൽ ഈ നിയമത്തിനെതിരെ രാജ്യമെങ്ങും ഉയർന്നിട്ടുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 27ന് വൈകീട്ട് നഗരത്തിൽ പ്രതിഷേധ മഹാറാലിയും സംഗമവും സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. മതന്യൂനപക്ഷങ്ങളെയും ദലിത് ജനവിഭാഗത്തെയും ഉന്മൂലനം ചെയ്യാനുള്ള അപകടകരമായ നീക്കത്തിനെതിരെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതിലേക്കും അധികാരികളുടെ ശ്രദ്ധകൊണ്ടുവരലാണ് ബഹുജന റാലിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദും സർവമത സാഹോദര്യത്തിൻെറയും ബഹുസ്വരതയുടെയും കേന്ദ്രമായ ചേരമാൻ ജുമാമസ്ദിൽനിന്ന് റാലി ആരംഭിക്കും. കൊടുങ്ങല്ലൂർ മേഖലയിലെ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ റാലിയിൽ അണിനിരക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന റാലി ടൗൺ ഹാൾ പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പ്രതിരോധ സംഗമത്തിൽ കെ.പി. രാമനുണ്ണി, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ വി.ഡി. സതീശൻ, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, ജാമിഅ മില്ലിയയിൽ സമരം നയിച്ച അന്നമനട സ്വദേശിനി സി.എസ്. ഫയിസ, എൻ.എസ്. അബ്ദുൽ ഹമീദ് എടവിലങ്ങ് എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ പൗരാവകാശ സംരക്ഷണസമിതി കൺവീനർ ജലീൽ മാള, എസ്.എ. അബ്ദുൽ ഖയ്യും, ഷെമിർ എറിയാട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.