പാചക വാതക നീക്കം: ടാങ്കർ ലോറികളുടെ സുരക്ഷ സംബന്ധിച്ച ഹരജി തീർപ്പാക്കി

പാചക വാതക നീക്കം: ടാങ്കർ ലോറികളുടെ സുരക്ഷ സംബന്ധിച്ച ഹരജി തീർപ്പാക്കി കൊച്ചി: പാചക വാതക ടാങ്കർ ലോറികൾ സുരക്ഷ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികൾ ഒരുക്കിയ സുരക്ഷ മുൻകരുതലുകളിലും സജ്ജീകരണങ്ങളിലും തൃപ്തി പ്രകടിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്. പാചക വാതകവുമായി പോകുന്ന ബുള്ളറ്റ് ടാങ്കർ ലോറികൾ 2002ലെ പെട്രോളിയം നിയമങ്ങളും 1981ലെ സ്റ്റാറ്റിക് ആൻഡ് മൊബൈൽ പ്രഷർ വെസൽസ് (അൺഫയേർഡ്) നിയമങ്ങളുമടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസ് ബേബിയാണ് ഹരജി നൽകിയത്. എല്ലാ സുരക്ഷ മുൻകരുതലുകളും പാലിച്ചാണ് ടാങ്കറുകളിൽ പാചക വാതകം കൊണ്ടുപോകുന്നതെന്ന് ഇന്ത്യൻ, ഭാരത്, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികൾ കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാനത്ത് റെയിൽ മാർഗമുള്ള വാതക നീക്കം കനത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നും കമ്പനികൾ വ്യക്തമാക്കി. ടാങ്കറുകൾ അപകടത്തിൽപെട്ടാലുടൻ ശാസ്ത്രീയ മാർഗത്തിൽ വാതകം ടാങ്കറിൽനിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി നീക്കം ചെയ്യാറുണ്ടെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കി. അപകട വിവരമറിഞ്ഞാലുടൻ എത്താനാവുംവിധം ഭാരത് പെട്രോളിയം കോർപറേഷൻെറ എമർജൻസി റസ്ക്യൂ വാഹനം കോയമ്പത്തൂരിൽ ലഭ്യമാണെന്ന് ടെറിട്ടറി മാനേജർ അറിയിച്ചു. ബംഗളൂരുവിലെ പ്ലാൻറിൽനിന്ന് മണ്ണാർക്കാട് വഴി പാചക വാതകം കൊണ്ടുപോകുന്ന വാഹനങ്ങൾ എല്ലാ സുരക്ഷ നിയമങ്ങളും പാലിക്കുന്നതായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ചീഫ് മാനേജറും വ്യക്തമാക്കി. ഈ വിശദീകരണങ്ങൾ രേഖപ്പെടുത്തിയാണ് ഹരജി തീർപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.