തൃപ്രയാർ: തിങ്കളാഴ്ച പുലർച്ച വിടപറഞ്ഞ സി.കെ.ജി. വൈദ്യർ അതിവിപുലമായ കുടിവെള്ള പദ്ധതിയുടെ സൂത്രധാരൻ. പത്തു പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചുകൊണ്ടിരിക്കുന്ന നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി എന്ന ആശയം രൂപപ്പെടുത്തിയത് സി.കെ.ജി. വൈദ്യരായിരുന്നു. സാമൂഹിക, കാരുണ്യ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങുന്ന സി.കെ.ജി 1965ൽ തീരദേശത്ത് കോളറ പടർന്നപ്പോൾ ദുരിതാശ്വാസ കമ്മിറ്റിയുണ്ടാക്കി അതിൻെറ ജനറൽ കൺവീനറായി പ്രവർത്തിച്ചു. വി.എസ്. കേരളീയനൊപ്പം കോഴിക്കോട് കലക്ടെറയും ഡി.എം.ഒയെയും കണ്ട് നാട്ടിലെ അവസ്ഥ ബോധ്യപ്പെടുത്തി. ഇേത തുടർന്ന് മെഡിക്കൽ സംഘവും മരുന്നുമെത്തി. തൃത്തല്ലൂർ പി.എച്ച്.സിയും കമലാ നെഹ്റു സ്കൂളിൻെറ ഒരുഭാഗവും ആശുപത്രിയാക്കി പ്രവർത്തിച്ചു. ഇതോടെ കോളറ നിയന്ത്രണ വിധേയമായി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ സംഘം ഗൗരവമായ അന്വേഷണവും നടത്തി. ശുദ്ധജല ലഭ്യതയുടെ അഭാവമാണ് രോഗം പടർന്നുപിടിക്കാൻ കാരണമെന്ന് മെഡിക്കൽ സംഘം കണ്ടെത്തി. പിന്നെ താമസിച്ചില്ല സി.കെ.ജിയുടെ ആലോചനകൾ ആ വഴിക്കായി. മണപ്പുറത്തെ മുഴുവൻ ജനങ്ങൾക്കും സർക്കാർ നിയന്ത്രണത്തിൽ ശുദ്ധജലമെത്തിക്കുക എന്ന ആശയം രൂപംകൊണ്ടു. അതിന് നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി എന്നു പേരിടുകയും ചെയ്തു. നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം, ശ്രീനാരായണപുരം മതിലകം എന്നീ പഞ്ചായത്തുകളിലാണ് ഇതുമൂലം കുടിവെള്ളം ലഭിച്ചുവരുന്നത്. കരുവന്നൂർ പുഴയിൽനിന്ന് വെള്ളം കൊണ്ടുവരുന്ന ഈ പദ്ധതിയുടെ നവീകരണത്തിന് ഇപ്പോൾ സംസ്ഥാന സർക്കാർ 68 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒമ്പതു ലക്ഷത്തോളം ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന ബൃഹത്തായ പദ്ധതിയായി സി.കെ.ജി. വൈദ്യരുടെ ആഗ്രഹം വളർന്നു പന്തലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.