ഗുരുവായൂര്‍: ചട്നിക്കും സാമ്പാറിനും ബീഫ് കറിക്കുമൊക്കെ കൈയിൽ പാത്രം കരുതിയിട്ടുണ്ടോ? അപ്പോൾ പാഴ്സലായി വാങ്ങുന്ന ഭക്ഷണത്തിന് വിലകുറയും! മമ്മിയൂർ നാരായണകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വെൽക്കം ഹോട്ടലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കാൻ വിലക്കിഴിവുമായി ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്. ഭക്ഷണം കൊണ്ടുപോകാൻ ആവശ്യമായ പാത്രങ്ങളുമായി എത്തുന്നവർക്ക് വിലയിൽ അഞ്ച് ശതമാനം കുറവാണ് നൽകുന്നത്. ദോശ വാങ്ങുമ്പോൾ ചട്നിക്കും സാമ്പാറിനും ചമ്മന്തിക്കുമൊക്കെയായി ചുരുങ്ങിയത് മൂന്ന് കവെറങ്കിലും നൽകേണ്ട അവസ്ഥയാണ്. പൊറോട്ട വാങ്ങിയാലും ബീഫ് കറി പ്ലാസ്റ്റിക് ഉറയിൽ നൽകണം. പാഴ്സൽ കൂടുതലായും വാങ്ങാൻ വരുന്നവർ പരിസരത്തുള്ളവരാണ്. അവർ വീട്ടിൽനിന്ന് രണ്ട് പാത്രം കൊണ്ടുവന്നാൽ ഈ പ്ലാസ്റ്റിക് ദുരുപയോഗം ഒഴിവാക്കാം. നേരേത്ത പാഴ്സലിന് വില കൂട്ടി നോക്കിയിട്ട് വലിയ ഫലം കാണാതെ വന്നപ്പോഴാണ് കൂടുതൽ ആകർഷകമായ വിലക്കിഴിവ് നൽകുന്നതെന്ന് ഉടമകളായ സി.എ. ലോകനാഥനും ഗിരിജനും പറഞ്ഞു. ഇപ്പോൾ മികച്ച പ്രതികരണമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിലയിലുണ്ടാകുന്ന ചെറിയ നഷ്ടം സമൂഹത്തിന് വലിയ സന്ദേശം നൽകുന്നതിൽ തങ്ങൾ സംതൃപ്തരാണെന്നാണ് ഉടമകൾ പറയുന്നത്. 'വെൽക്കം മോഡൽ' നഗരസഭയിലെ മറ്റ് സ്ഥാപനങ്ങൾക്കും സ്വാഗതം ചെയ്യാവുന്നതാണെന്ന് വെള്ളിയാഴ്ച നഗരസഭയിൽ ചേർന്ന ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻെറ നിരോധനത്തിന് മുന്നോടിയായ യോഗത്തിൽ അഭിപ്രായം ഉയർന്നു. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഇക്കാര്യം അംഗങ്ങളുമായി ചർച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകുന്ന ആകർഷകമായ ഓഫറുകൾ നടപ്പാക്കുന്ന കാര്യം വ്യാപാര സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിലും 'വെൽക്കം മോഡൽ' ചർച്ച ചെയ്യും. ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗ്, ഷീറ്റ്, കപ്പ്, പ്ലേറ്റ്, സ്പൂൺ തുടങ്ങിയ സംസ്ഥാനത്ത് നിരോധിക്കുന്നതിൻെറ ഭാഗമായി വ്യാപക പ്രചാരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.