തളിക്കുളം: കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ നേതാക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ അർഖന് മർദനമേറ്റു. പരിക്കേറ്റ ഇയാളെ സഹപ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു, സംഭവം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കാനാണ് ടി.എൻ. പ്രതാപൻ എം.പിയുടെ തട്ടകമായ തളിക്കുളത്ത് കോൺഗ്രസ് ഭവനിൽ മണ്ഡലം പ്രസിഡൻറ് ഗഫൂറിൻെറ നേതൃത്വത്തിൽ യോഗം കൂടിയത്. മുൻ പഞ്ചായത്ത് പ്രസിഡൻറും മുൻ മണ്ഡലം പ്രസിഡൻറുമായ പി.ഐ. ഷൗക്കത്തലി കോൺഗ്രസ് വാട്സ്ആപ് ഗ്രൂപ്പിൽ സ്ത്രീക്ക് അപമാനം വരുത്തുംവിധം വിഡിയോ ഇട്ടിരുന്നുവത്രെ. ഇതുമായി ബന്ധപ്പെട്ട് ഷൗക്കത്തലിക്കെതിരെ മണ്ഡലം സെക്രട്ടറി അർഖൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് ഷൗക്കത്തലിയും അർഖനും വാക്തർക്കമുണ്ടായി. തുടർന്നാണ് അടിപിടിയായത്. മൂന്ന് കസേര തകർന്നു. കസേരകൊണ്ട് തലക്ക് അടിയേറ്റാണ് അർഖനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കസേരകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് അർഖൻ പറഞ്ഞു. ഇരുമ്പുവടികൊണ്ട് ആക്രമിക്കാൻ തുനിഞ്ഞെങ്കിലും സഹപ്രവർത്തകർ പിടിച്ചുമാറ്റുകയായിരുന്നുവെന്നും അർഖൻ പറഞ്ഞു. അടിപിടിയിൽ ഷൗക്കത്തലിക്കും മർദനമേറ്റതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.