പരേതൻെറ പേരിൽ എടുക്കാത്ത വായ്പാതുക തിരിച്ചടക്കാൻ ബാങ്ക് നോട്ടീസ് പുന്നയൂർക്കുളം: രണ്ട് വർഷം മുമ്പ് മരിച്ചയാളുടെ പേരിൽ എടുക്കാത്ത വായ്പാതുക തിരിച്ചടക്കാൻ സഹകരണ ബാങ്കിൽ നിന്ന് വീട്ടുകാർക്ക് നോട്ടീസ് ലഭിച്ചതായി പരാതി. വടക്കേക്കാട് മൂന്നാം കല്ല് മദ്റസക്ക് സമീപം പരതേനായ കല്ലയിൽ മൊയ്തീൻ കുട്ടിയുടെ പേരിലാണ് പുന്നയൂർക്കുളം സഹകരണ ബാങ്കിൽ നിന്ന് നോട്ടീസെത്തിയത്. വായ്പയെടുത്ത തുകയിൽ ബാക്കി 2.24 ലക്ഷം അടക്കാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. 2016 ജൂണിലാണ് മൊയ്തീൻകുട്ടി മരിച്ചത്. വായ്പ എടുത്തതാകട്ടെ 2017 സെപ്റ്റംബർ 22നും. ആ ദിവസം മൊത്തം ഏഴ് ലക്ഷം രൂപ എടുത്തെന്നും പിന്നീട് ഗഡുക്കളായി അഞ്ച് ലക്ഷം രൂപ അടച്ചെന്നും ബാക്കി തുക ഉടൻ അടക്കണമെന്നും നോട്ടീസിൽ പറയുന്നു. പരേതനായ മൊയ്തീൻകുട്ടിയുടെ വീട്ടുകാർ ബാങ്കിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മൊയ്തീൻകുട്ടിയുടെ ബന്ധുക്കൾ ഉന്നത പൊലീസ് മേധാവികൾക്കും സഹകരണ വകുപ്പ് രജിസ്ട്രാർക്കും ശനിയാഴ്ച്ച പരാതി നൽകും. അതേ സമയം പരേതനായ മൊയ്തീൻ കുട്ടി ബാങ്കിലെ ആദ്യകാല ഷെയർ ഹോൾഡറാണെന്നും അത് എ ക്ലാസ് ഗണത്തിലായിരുന്നെന്നും ഇപ്പോൾ വായ്പയെടുത്തയാളുടെ സി ക്ലാസ് ഗണത്തിലെ നമ്പറും ഒരുപോലെ വന്നതിനാലാണ് ഇതിനു കാരണമെന്നും ബാങ്ക് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.