കുന്നംകുളം: കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിനായി അധിക ഭൂമി ഏറ്റെടുക്കാൻ ധാരണയായി. മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 'ഇക്കോ ടൂറിസം േപ്രാജക്ട് @ കുന്നംകുളം' പദ്ധതിയുടെ ഭാഗമായ കലശമലയുടെ വികസനത്തിനായി 2019-2020 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്ന 10 കോടിയുടെ ഭരണാനുമതി ലഭ്യമായ ഉടൻ തുടർ നടപടികൾ ആരംഭിച്ചു. എല്‍.എ ആക്ട് 2013 പ്രകാരം സ്ഥലം ഏറ്റെടുക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഭൂരേഖ തഹസില്‍ദാറെ യോഗം ചുമതലപ്പെടുത്തി. പദ്ധതി പ്രദേശത്തേക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാനുള്ള സ്ഥലവും ഇതോടൊപ്പം ഏറ്റെടുക്കും. ഭൂവുടമകള്‍ക്ക് കൈവശ ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലിൻെറ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുക്കും. പദ്ധതിയുടെ മേൽനോട്ടത്തിനായി ടൂറിസം അധികൃതരും ജനപ്രതിനിധികളും അടങ്ങുന്ന കമ്മറ്റിക്ക് രൂപംനൽകാൻ യോഗത്തിൽ ധാരണയായി. മന്ത്രിമാർക്കു പുറെമ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി, പോർക്കുളം, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഓമന ബാബു, കെ.കെ. സതീശൻ, ജില്ലയുടെ ചുമതലയുള്ള ടൂറിസം സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി, ഭൂരേഖ തഹസിൽദാർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. അധിക ഭൂമികൂടി ഏറ്റെടുക്കുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് കലശമല. 2.40 കോടി ചെലവില്‍ ഇതിനോടകം നിർമിതികള്‍ പൂര്‍ത്തീകരിച്ച ഈ ഇക്കോ ടൂറിസം പദ്ധതി ഡിസംബര്‍ അവസാന വാരത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.