തൃപ്രയാർ: കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ മികച്ച നേട്ടവുമായി ആൻസി സോജൻ ലോക യൂത്ത് ഗെയിംസിലേക്ക് കുതിക്കുന്നു. നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ വിദ്യാർഥിയായ ആൻസി സോജൻ ലോങ്ജംപിൽ 6.24 മീറ്റർ ചാടി നിലവിലെ 6.05 മീറ്റർ റെക്കോഡ് നിഷ്പ്രഭമാക്കി. കെനിയയിൽ നടക്കുന്ന ലോക യൂത്ത് ഗെയിംസിൽ പങ്കെടുക്കാനുള്ള അർഹതയായ 6.15 മീറ്റർ ആൻസി നേടിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളും തുണച്ചാൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ആൻസിയുണ്ടാകും. ഹൈസ്കൂൾ തലം മുതൽ ആധുനിക ട്രാക്കുകളില്ലാതെ ഇല്ലായ്മ മാത്രം കൈമുതലാക്കി മണപ്പുറത്തെ മണൽ തരികളിൽ പരിശീലിച്ച ആൻസി ഇതുവരെ വാരിക്കൂട്ടിയത് കടലോളം മെഡലുകൾ. നാട്ടിക സ്പോർട്സ് അക്കാദമി എന്ന ചെറുസംഘത്തിലാണ് ആൻസിയടക്കമുള്ള കുട്ടികൾ പരിശീലിക്കുന്നത്. നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ കുട്ടികളുള്ള ഈ അക്കാദമിയെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനം പിന്തുണക്കാൻ തീരുമാനിച്ചതായും അറിയുന്നു. ആൻസി സോജൻെറ കായിക കരുത്തിന് ലോക കായിക ഭൂപടത്തിൽ ഇടം നൽകുകയാണ് ഇവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.