കോർപറേഷനിൽ കെട്ടിട നികുതി വർധിപ്പിക്കുന്നു

തൃശൂര്‍: കെട്ടിട നികുതിയില്‍ പത്ത് ശതമാനം സേവനനികുതി ഏര്‍പ്പെടുത്താന്‍ കോർപറേഷൻ കൗണ്‍സില്‍ തീരുമാനം. നിരവധി തവണ മാറ്റിവെച്ച അജന്‍ഡ ഓഡിറ്റ് പരാമര്‍ശത്തെ തുടര്‍ന്ന് സ്‌പെഷല്‍ കൗണ്‍സില്‍ യോഗത്തിലാണ് പരിഗണിച്ചത്. കെട്ടിട നികുതി അടക്കം പുതിയ തീരുമാനത്തോടെ വര്‍ധിക്കും. 2016 മുതലുള്ള തുകയാണ് ഈടാക്കുക. സേവന നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിൽ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചു. സേവനനികുതിയുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കിൽ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ബാധ്യതയുണ്ടാകുമെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. നഗരത്തിലെ മുഴുവന്‍ കെട്ടിട ഉടമകളും നിലവിലുള്ള നികുതിയുടെ പത്ത് ശതമാനം അധികം നല്‍കണം. തറവിസ്തീര്‍ണത്തിൻെറ അടിസ്ഥാനത്തില്‍ നികുതി പരിഷ്‌കരണത്തിനായിരുന്നു 2011ലെ സര്‍ക്കാര്‍ ഉത്തരവ്. നികുതി പരിഷ്‌കാരം നടപ്പാക്കിയശേഷം നികുതിയുടെ പത്ത് ശതമാനം വരുന്ന തുകയെങ്കിലും സേവന നികുതിയിനത്തില്‍ ഈടാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ 2011ലെ ഉത്തരവനുസരിച്ചുള്ള നികുതി പരിഷ്‌കാരം കോര്‍പറേഷനില്‍ നടപ്പാക്കിയിട്ടില്ല. പുതിയ കെട്ടിടങ്ങള്‍ക്ക് മാത്രമേ പുതുക്കിയ നിരക്ക് ചുമത്തിയിട്ടുള്ളൂ. പരിഷ്‌കരിച്ച നികുതി നിരക്ക് കൗണ്‍സില്‍ നിശ്ചയിച്ചിട്ടുമില്ല. സേവനങ്ങള്‍ നല്‍കാതെ പത്ത് ശതമാനം സേവന നികുതി ചുമത്താനുള്ള തീരുമാനം അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്‍, ജോണ്‍ ഡാനിയല്‍, എ. പ്രസാദ് എന്നിവര്‍ പറഞ്ഞു. സന്തുലിത വികസനവും സേവനവും ഉണ്ടാകുന്നതു വരെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിലേക്കു കത്ത് നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡ്രൈയിനേജ് സൗകര്യമില്ലെന്ന പേരില്‍ കെട്ടിടങ്ങള്‍ക്കു സേവനനികുതി ഒഴിവാക്കി നല്‍കാനാകുമെന്നായിരുന്നു പ്രതിപക്ഷ വാദം. പുതിയതായി ഏര്‍പ്പെടുത്തുന്ന സേവനങ്ങള്‍ക്കാണ് സേവന നികുതി ചുമത്തേണ്ടത്. പുതിയതായി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അധിക നികുതിയായി വസ്തു നികുതിയൊടെപ്പം പത്ത് ശതമാനം സേവന നികുതി ഏര്‍പ്പെടുത്തുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. അമൃത് പദ്ധതിയില്‍ ക്രമക്കേട്: കൗൺസിലിൽ പ്രതിപക്ഷ പ്രമേയം തൃശൂർ: അമൃത് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും ധൂര്‍ത്തും കേന്ദ്ര വിജിലന്‍സ് കമീഷനെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.3 കോടി വകയിരുത്തി ശക്തനില്‍ നടത്തുന്ന ആകാശപാത നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ നിന്നും എം.പിയും അമൃത് പദ്ധതികളുടെ നടത്തിപ്പ് അവലോകന ചെയര്‍മാനുമായ ടി.എന്‍. പ്രതാപനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ മുകുന്ദന്‍, ഉപ നേതാവ് ജോണ്‍ ഡാനിയല്‍, എ. പ്രസാദ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.