മുളക്കുളം വലിയ പള്ളി സഭാതർക്കം; വയോധികയുടെ മൃതദേഹം അഞ്ചാംദിവസവും മോർച്ചറിയിൽ

പിറവം: മുളക്കുളം വലിയ പള്ളിയിൽ യാക്കോബായ വിശ്വാസിയായ വയോധികയുടെ മൃതദേഹം സംസ്കരിക്കാനുള്ള കാത്തിരിപ്പ് അഞ്ച ാം ദിവസവും തുടരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മരിച്ച മുളക്കുളം ചാമക്കാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോയുടെ (95) മൃതദേഹമാണ് സഭാതർക്കത്തെ തുടർന്ന് സംസ്കരിക്കാനാവാതെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്. 16 വർഷത്തോളം പൂട്ടിക്കിടന്ന മുളക്കുളം വലിയ പള്ളി കോടതി വിധിയെത്തുടർന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചത്. പള്ളി പൂട്ടിക്കിടന്ന കാലയളവിൽ ഇരുവിഭാഗവും മൃതദേഹം ചാപ്പലുകളിൽ എത്തിച്ച് ശുശ്രൂഷ നടത്തിയ ശേഷം സെമിത്തേരിയിൽ സംസ്കരിക്കുകയായിരുന്നു പതിവ്. എന്നാൽ, കോടതി വിധിയെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയുടെ ഭരണം ലഭിച്ചശേഷം കഴിഞ്ഞ ഒന്നരവർഷമായി യാക്കോബായ സഭയിലെ വൈദികർക്ക് സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. വൈദികനെ കൂടാതെ ബന്ധുക്കൾ മൃതദേഹം സെമിത്തേരിയിൽ എത്തിച്ച് സംസ്കരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ ഈ രീതിയിൽ സംസ്കരിക്കാനും ഓർത്തഡോക്സ് വിഭാഗം അനുമതി നിഷേധിച്ചതായി വികാരി ഫാ.റോയി വർഗീസ് പറഞ്ഞു. മൃതദേഹം സംസ്കരിക്കാൻ കഴിയാത്തത് സംബന്ധിച്ച് ജില്ല കലക്ടെറയും പൊലീസിനെയും സമീപിച്ചെങ്കിലും ഓർത്തഡോക്സ് വിഭാഗത്തിൻെറ നിസ്സഹകരണം മൂലം തീരുമാനമായില്ലെന്നും വികാരി പറഞ്ഞു. പൂർവികരായി പകർന്നുതന്ന വിശ്വാസത്തിൽ തുടരാൻ ഈ സാഹചര്യത്തിൽ സർക്കാറിൻെറയും ഓർത്തഡോക്സ് വിഭാഗത്തിൻെറയും വിട്ടുവീഴ്ചക്കായി കാത്തിരിക്കുകയാണ് പരേതയുടെ ബന്ധുക്കൾ. സമാന സംഭവത്തിൽ കായംകുളം കട്ടച്ചിറയിൽ 16 ദിവസമായി വയോധികയുടെ മൃതദേഹം പ്രത്യേക പേടകത്തിൽ ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്ന അവസ്ഥയുമുണ്ട്. മനുഷ്യാവകാശ കമീഷനും വിഷയത്തിൽ ഇടപെട്ട് സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ ഇവാനിയോസ് പരേതയുടെ ഭവനത്തിൽ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മക്കൾ: ജോയി, പരേതരായ മേരി, ബേബി, ജോർജ്, മാണി. മരുമക്കൾ: കുഞ്ഞ്, ശൂശാമ്മ, ചിന്നമ്മ, ഏലിയാമ്മ, ലീല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.