\Bകെ.എസ്. ശ്രീജിത്ത്\B അലൻെറയും താഹയുടെയും തീവ്രനിലപാടിൽ സംശയങ്ങളുണ്ടെന്ന് തുറന്നുപറയാനാണ് തീരുമാനം തിരുവനന്ത പുരം: മാവോവാദി ആശയങ്ങളെ പുറന്തള്ളാൻ 'തിരുത്തൽ പ്രക്രിയ'യിലേക്ക് കടക്കാൻ ഡി.വൈ.എഫ്.െഎക്കും എസ്.എഫ്.െഎക്കും സി.പി.എം നിർദേശം. കോഴിക്കോട് പന്തീരങ്കാവിൽ പാർട്ടിയംഗങ്ങളായ രണ്ട് വിദ്യാർഥികൾക്കുമേൽ യു.എ.പി.എ ചുമത്തപ്പെട്ടതാണ് നടപടികളിലേക്ക് കടക്കാനുള്ള ഒരു പ്രേരണ. മാവോവാദി വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം മുൻനിർത്തി നടപടി ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്ക് യു.എ.പി.എ ചുമത്തപ്പെട്ട സാഹചര്യം അടക്കം വിശദീകരിച്ച് സംസ്ഥാന സമിതിയംഗങ്ങൾതന്നെ പ്രചാരണത്തിന് നേതൃത്വം നൽകും. ജില്ലതലം മുതൽ യൂനിറ്റ് വരെയുള്ള ഘടകങ്ങളിൽ വിവിധ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ അടക്കം അതിതീവ്രമായി ആശയ പ്രകാശനം നടത്തുന്നവരെ തിരിച്ചറിയാൻ നിരന്തര ജാഗ്രത പുലർത്താനാണ് നിർദേശം. ഇവരെ സംഘടനയിൽനിന്ന് പുറന്തള്ളാതെ പാർട്ടി വഴിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ഇതിനായി സംഘടനക്കുള്ളിൽ ബോധവത്കരണം നടത്തും. വിശദീകരണയോഗങ്ങൾ, മേഖല, ബ്ലോക്ക് തല യോഗങ്ങൾ എന്നിവ വഴി വിശദീകരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വളരുന്ന സാമൂഹിക അസംതൃപ്തി ആണ് തീവ്ര ഇടതുപക്ഷം ആയുധമാക്കുന്നതെന്ന് നേതൃത്വം തിരിച്ചറിയുന്നു. വിയോജിപ്പുള്ളവരെ മാവോവാദികൾ സ്വാധീനിക്കുന്നു. അതിനാൽ ദലിത്, ആദിവാസി വിഷയങ്ങൾ ഏറ്റെടുത്ത് ബഹുജന സമരങ്ങൾ സംഘടിപ്പിച്ച് യുവജനങ്ങളെ സംഘടിപ്പിക്കണം. മാവോവാദി പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരാവുന്നവരോട് അപ്രായോഗികത ചൂണ്ടിക്കാട്ടി യഥാർഥ ഇടതുപക്ഷ പ്രത്യയശാസ്ത്രം വിശദീകരിക്കും. മാവോവാദികൾ ബംഗാളിൽ സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഇടതുപക്ഷ നിലപാടല്ല ഭീകരവാദമാണ് അവരുടേതെന്നും വിശദീകരിക്കും. സി.പി.എം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ അടക്കം ഉപയോഗിച്ചാവും ബോധവത്കരണം. അലൻെറയും താഹയുടെയും മേൽ യു.എ.പി.എ ചുമത്തപ്പെട്ട സാഹചര്യവും മാേവാവാദി ബന്ധത്തെയും കുറിച്ച് എല്ലാ ഘടകങ്ങളിലും വിശദീകരിക്കാനും ഡി.വൈ.എഫ്.െഎയും എസ്.എഫ്.െഎയും തീരുമാനിച്ചു. ഇവരുടെ തീവ്ര നിലപാടിൽ സംശയങ്ങളുണ്ടെന്ന് തുറന്നുപറയാനാണ് തീരുമാനം. 'യു.എ.പി.എ ചുമത്താൻ പൊലീസ് അടിസ്ഥാനമാക്കുന്ന കാരണം ശരിയാണോയെന്ന് അറിയാനുള്ള കമ്മിറ്റി നിലവിലുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാൽ അന്യായമായി ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താൻ കഴിയും. കേന്ദ്രനിയമം നടപ്പാക്കില്ലെന്ന നിഷേധാത്മക നിലപാട് തിരിച്ചടിയാവും. എൻ.െഎ.എയിലൂടെ ഇടപെടാൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് കഴിയും' എന്നീ കാര്യങ്ങൾ വിശദീകരിച്ചാൽ ഫലമുണ്ടാകും എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.