ചെറുതുരുത്തി: ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാർഥി പൊലീസ് സ്റ്റേഷനിൽ തളർന്നുവീണു. ചെറുതുരുത്തി പൊലീസ് സ്്റ് റേഷനിലാണ് സംഭവം. തളർന്നുവീണ കുട്ടിയെ മെഡിക്കൽ കൊളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിക്കാൻ പൊലീസ് വിമുഖത കാണിച്ചതായി ആരോപണമുണ്ട്. നാട്ടുകാർ ഇടപെട്ടാണ് ആംബുലൻസെത്തിച്ച് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് രാത്രി 8.30ഓടെ മാറ്റിയത്. കഴിഞ്ഞ വ്യാഴാഴ്ച ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് അതിക്രമിച്ചുകയറിയ സംഘവും വിദ്യാർഥികളും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനെത്തുടർന്ന് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതാണ് വിദ്യാർഥിയെ. രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിക്ക് ഭക്ഷണംപോലും നൽകിയില്ലെന്ന് പരാതിയുണ്ട്. വൈകീട്ടാണ് കുട്ടി തളർന്നുവീണത്. ഉന്നത പൊലീസ് അധികൃതർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. അതേസമയം, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ പ്രതികളായവരെയാണ് സ്്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. മന്ത്രി ജലീലിൻെറ പരിപാടി നടക്കുന്നതിനാലാണ് അൽപസമയം സ്്റ്റേഷനിൽ ഇരുത്തേണ്ടിവന്നത്. ഇതിനിടെ കുട്ടി അപസ്മാരലക്ഷണം കാണിക്കുകയും തളർന്ന് വീഴുകയുമായിരുന്നു. വാഹനം ഇല്ലാതിരുന്നതിനാലാണ് ആശുപത്രിയിലേക്ക് മാറ്റാൻ തടസ്സമുണ്ടായത്. ഇരുവിഭാഗം തമ്മിൽ നടന്ന സംഘട്ടനത്തിൽ ആറുപേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.