തൃശൂർ: കോർപറേഷൻ ജലവിതരണ വിഭാഗം പുതുക്കിയ വാട്ടർ ബൈലോയെ ചൊല്ലി കൗൺസിലിൻെറ രണ്ടാം യോഗത്തിൽ പ്രതിപക്ഷ ബഹളം. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇത് ചർച്ചക്ക് വെക്കാതെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് കൗൺസിലിൻെറ പരിഗണനക്കെടുത്തതിലായിരുന്നു പ്രതിഷേധം. ഇത് നിയമാനുസൃതം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്ന് പ്രതിപക്ഷം രേഖാമൂലം ആവശ്യപ്പെട്ടു. ബൈലോ ജൂലൈ അഞ്ചിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി പരിഗണിച്ച ശേഷമാണ് കൗൺസിലിൻെറ പരിഗണനക്ക് വിട്ടതെന്ന് അജണ്ടക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കോൺഗ്രസിലെ ടി.ആർ. സന്തോഷ്, എം.കെ. മുകുന്ദൻ, ബി.ജെ.പിയിെല രാവുണ്ണി ഇതിനെ ശക്തമായി എതിർത്തു. ഒരു ഘട്ടത്തിൽ നടുത്തളത്തിലിറങ്ങി സന്തോഷ് യോഗ നടപടികൾ തടസ്സപ്പെടുത്താനും ശ്രമിച്ചു. പ്രതിപക്ഷാവശ്യപ്രകാരം വിശദീകരണം നൽകിയ കോർപറേഷൻ സെക്രട്ടറി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ശരിവെച്ചു. എന്നാൽ, തീരുമാനത്തെ ന്യായീകരിക്കുകയായിരുന്നു ഭരണസമിതി. പൈപ്പ് കണക്ഷൻ നീട്ടൽ തുടങ്ങിയ പ്രവൃത്തികൾ സംബന്ധിച്ച ഫയലുകൾ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്കു വരേണ്ടതുള്ളൂവെന്നുമായിരുന്നു ഭരണസമിതി നിലപാട്. സി.പി.എം. അംഗം എം.പി. ശ്രീനിവാസനാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. അദ്ദേഹം ഭരണസമിതിക്ക് അനഭിമതനായിട്ട് കുറച്ചായി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വരേണ്ട പല ഫയലുകളും ഇപ്പോൾ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി വഴിയാണ് കൗൺസിലിൽ എത്തുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ പിന്നീട് കുറ്റപ്പെടുത്തി. ബുധനാഴ്ച്ച ആദ്യ യോഗത്തിൽ അൽപ സമയം പങ്കെടുത്ത ശേഷം ശ്രീനിവാസൻ കൗൺസിൽ വിട്ടു പോയി. അതേസമയം, അജണ്ട അംഗീകരിച്ചതായി മേയർ അറിയിച്ചു. ഇതനുസരിച്ച് ഫ്ലാറ്റുകളിലെ കുടിവെള്ളത്തിന് സാധാരണ വീടുകളുടെ നിരക്ക് ഈടാക്കും. പ്ലാസ്റ്റിക്ക് കാരിബാഗുകളുടെയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെയും നിരോധനവുമായി ബന്ധപ്പെട്ട അജണ്ട മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.