തൃശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ 'നാട്യനൈഷധം' കഥകളി ഉത്സവം തുടങ്ങി. ആദ്യസായാഹ്നത്തിൽ 'നളചരിതം ഒന്നാം ദിവസം' കഥകളി അരങ്ങേറി. നളനായി കലാമണ്ഡലം കൃഷ്ണകുമാറും ഹംസമായി കലാനിലയം ഗോപിനാഥനും ദമയന്തിയായി കോട്ടക്കൽ രാജുമോഹനുമാണ് വേഷമിട്ടത്. കലാമണ്ഡലം മുകുന്ദൻ ദമയന്തിയായി. കലാനിലയം ഉണ്ണികൃഷ്ണൻ, യുവഗായകരായ കലാമണ്ഡലം വിനോദ്, നെടുമ്പള്ളി രാംമോഹൻ എന്നിവർ നയിച്ച സംഗീതവും കലാമണ്ഡലം ബാലസുന്ദരൻ, കലാമണ്ഡലം ഹരിഹരൻ തുടങ്ങിയവർ നയിച്ച മേളവും വേഷത്തിലും പാട്ടിലും മേളത്തിലും ചുട്ടിയിലും ഇരുപതോളം യുവകലാകാരന്മാരും പങ്കെടുത്തു. ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും അവതരിപ്പിച്ച കേളിക്ക് ശേഷം പത്മശ്രീ പുരസ്കാര സമ്മാനിതരായ കലാമണ്ഡലം ഗോപി, പി.കെ. നാരായണൻ നമ്പ്യാർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ ചേർന്നാണ് കളിവിളക്ക് കൊളുത്തിയത്. അക്കാദമി നിർവാഹക സമിതി അംഗം വി.ഡി. പ്രേമപ്രസാദ് അധ്യക്ഷത വഹിച്ചു. കലാമണ്ഡലം കൃഷ്ണൻ നായർ രചിച്ച 'നളചരിതം ആട്ടപ്രകാരം' രണ്ടാം പതിപ്പ് കലാമണ്ഡലം പ്രഭാകരന് നൽകി കലാമണ്ഡലം ഗോപി പ്രകാശനം ചെയ്തു. വേണുജി രചിച്ച 'അമ്മന്നൂർ മാധവ ചാക്യാർ-എൻെറ കൂടിയാട്ട സ്മരണകളിലൂടെ' എന്ന ഗ്രന്ഥത്തിൻെറ പ്രകാശനം പി.കെ. നാരായണൻ നമ്പ്യാർ ശിവൻ നമ്പൂതിരിക്ക് നൽകി നിർവഹിച്ചു. 'കലാമണ്ഡലം കൃഷ്ണൻ നായരുടെ നളബാഹുകന്മാർ' എന്ന വിഷയത്തിൽ ഡോ.പി. വേണുഗോപാലൻ പ്രഭാഷണം നടത്തി. അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, സി.കെ. നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.