തൃശൂര്‍: ഖരമാലിന്യ സംസ്‌കരണത്തിനു നടപടിയെടുക്കാത്ത സാഹചര്യത്തില്‍ 4.56 കോടി രൂപ പിഴയടക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ നോട്ടീസില്‍ നിയമോപദേശം തേടിയശേഷം നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ബയോ മൈനിങ് വേണമെന്നാണ് മലിനീകരണനിയന്ത്രണബോര്‍ഡ് നിലപാട്. മാലിന്യം കൂട്ടിയിട്ടാല്‍ അപകടകരമായ വാതകങ്ങളുണ്ടാകുമെന്നാണ് നിരീക്ഷണം. അതേസമയം ഇതു ചെലവേറിയ നടപടിയാണെന്നാണ് കോര്‍പറേഷന്‍ വിശദീകരണം. ഇതുസംബന്ധിച്ചു മൂന്നുമണിക്കൂറോളം നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ മേയര്‍ അജിത വിജയനാണ് തീരുമാനം അറിയിച്ചത്. 4.5 കോടി അടയ്ക്കുന്നതു സംബന്ധിച്ചു ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് നീക്കമെന്നു പ്രതിപക്ഷം ചര്‍ച്ചക്കിടെ ചൂണ്ടിക്കാട്ടി. ജനസംഖ്യക്ക് അനുസരിച്ചു മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും ഇനിയും സംവിധാനമില്ലെന്നു പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍ പറഞ്ഞു. പിഴയൊടുക്കേണ്ടിവരുന്നതിനു മേയറും ഭരണപക്ഷവുമാണ് ഉത്തരവാദികളെന്ന് എ.പ്രസാദ് വിമര്‍ശിച്ചു. ഇത്രയധികം പിഴ ഇതാദ്യ സംഭവമണെന്ന് പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ പറഞ്ഞു. വ്യക്തമായ നയമില്ലാതെയാണ് കോര്‍പറേഷന്‍ നടപടികളെടുക്കുന്നതെന്ന് ബി.ജെ.പിയുടെ ആക്ഷേപം. ഭരണപക്ഷമാകട്ടെ ഇതില്‍ കക്ഷി രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന നിലപാടാണ് പൊതുവെ സ്വീകരിച്ചത്. റസിഡൻറ്സ് അസോസിയേഷനുകള്‍, ജാഗ്രതാസമിതികള്‍ എന്നിവയുടെ ഇടപെടലിലൂടെ മാലിന്യ സംസ്‌കരണ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുമെന്ന് മേയര്‍ അറിയിച്ചു. ജൈവ സംസ്‌കരണപദ്ധതി കൗണ്‍സിലര്‍മാരും ജീവനക്കാരും സ്വന്തംവീടുകളില്‍ ആരംഭിച്ചു മാതൃക കാട്ടണം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാത്തതില്‍ ഇത്രയല്ലേ പിഴ ഈടാക്കിയുള്ളൂ എന്നു മുന്‍ ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ആശ്വാസം കൊണ്ടു. പരാധീനതകളുടെ കെട്ടഴിച്ചു ജീവനക്കാര്‍ തൃശൂർ: ആവശ്യത്തിനു ജീവനക്കാരില്ല, വാഹനങ്ങളില്ല തുടങ്ങി മാലിന്യ സംസ്‌കരണമേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു ആരോഗ്യവിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ക്കു പരാതികളേറെ. എന്നാല്‍ ഇതിനിടയിലും പരമാവധി ഭംഗിയായി സംസ്‌കരണത്തിനു ശ്രമിക്കുന്നതായി കൗണ്‍സില്‍യോഗത്തില്‍ ഹെൽത്ത് ഇൻസ്പെക്ടർമാർ വിശദീകരിച്ചു. ദേശീയപാതയില്‍ വെളിച്ചമില്ലാത്ത മേഖലയില്‍ പലരും മാലിന്യം കൊണ്ടുതളളുകയാണ്. വീടുകളില്‍ നിന്നു മാലിന്യശേഖരണം പൂര്‍ണതോതില്‍ ആയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മാലിന്യങ്ങള്‍ തരംതിരിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമല്ല. ഖരമാലിന്യം വേര്‍തിരിക്കാന്‍ ഒരു ഡിവിഷനിലും സംവിധാനമില്ല. നഗരത്തില്‍ പ്രതിദിനം മൂന്നേ മുക്കാല്‍ ലക്ഷം പേരാണ് എത്തുന്നതെന്നു അസി.സെക്രട്ടറി വിനു സി.കുഞ്ഞപ്പന്‍ വിശദീകരിച്ചു. ഇത്രയധികം പേര്‍ എത്തുന്നതനുസരിച്ചു മാലിന്യത്തിൻെറ തോതും കൂടും. അതേസമയം 60 ശതമാനം സംസ്‌കരണ പദ്ധതികളും പൂര്‍ത്തിയാക്കിയെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എം.എല്‍. റോസി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.