ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന യാത്രാസൗജന്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രമേയം പാസാക്കി. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ദൂരപരിധിയില്‍പ്പെട്ട പുതിയ വാഹനങ്ങള്‍ക്ക് നിലവില്‍ സൗജന്യപാസ് നല്‍കുന്നില്ല. പഴയ വാഹന ഉടമകള്‍ക്ക് നല്‍കുന്ന യാത്രാസൗജന്യം എപ്പോള്‍ വേണമെങ്കിലും കരാര്‍ കമ്പനി നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച പ്രാദേശിക വാഹനങ്ങള്‍ക്കുള്ള സൗജന്യയാത്ര ഇപ്പോള്‍ ഭാഗികമായി നിര്‍ത്തലാക്കിയ സ്ഥിതിയാണ്. വരന്തരപ്പിള്ളി, മറ്റത്തൂര്‍, കൊടകര പഞ്ചായത്ത് പരിധിയില്‍ പൂര്‍ണമായും ലഭിച്ചിരുന്ന യാത്രാസൗജന്യം പത്ത് കിലോമീറ്ററാക്കി കുറച്ചിരിക്കുകയാണ്. പഴയ വാഹനങ്ങളുടെ യാത്രാപാസ് പുതുക്കുന്നത് പത്ത് മാസത്തോളം നിര്‍ത്തിവെച്ചിട്ടും സര്‍ക്കാറിൻെറ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് വീണ്ടും ആരംഭിച്ചത്. 2018 ഏപ്രില്‍ മുതലാണ് രാജ്യത്തെ ടോള്‍പ്ലാസകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാറിനയച്ച കത്തില്‍ സര്‍ക്കാര്‍ നല്‍കിവന്ന 44,000 പ്രാദേശിക വാഹനങ്ങളുടെ ടോള്‍തുക സംബന്ധിച്ച് തീരുമാനമെടുക്കാനും നിര്‍ദേശിച്ചിരുന്നു. നാഷനല്‍ പേയ്‌മൻെറ് കോര്‍പറേഷന്‍ വഴി സര്‍ക്കാര്‍ നല്‍കിയിരുന്ന ടോള്‍തുക ഫാസ്റ്റ് ടാഗ് വരുന്നതോടെ എങ്ങനെ കൈമാറുമെന്ന് തീരുമാനിക്കാനും സര്‍ക്കാറിന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാറിൻെറ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും, പ്രശ്‌നത്തില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ച നടന്ന ഭരണ സമിതി യോഗത്തില്‍ ജില്ലപഞ്ചായത്തംഗം ഇ.എ. ഓമനയാണ് പ്രമേയം അവതരിപ്പിച്ചത്. ശോഭ സുബിന്‍ പിന്താങ്ങി. പ്രമേയം ഐകകണ്‌ഠ്യേന പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.