ന്യൂഡല്‍ഹി/കോട്ടയം: തൊടുപുഴ നെയ്യശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ. ജോൺ വിൽസൻെറ (65) ദുരൂഹ മരണത്തെക്കുറിച് ച് ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനുപിന്നാലെ പാമ്പാടി സ്വദേശിയായ രണ്ടാംഭാര്യയെയും മകനെയും ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി സ്വദേശി ലിസിയും ഡൽഹിയിലെ സ്വകാര്യ കോളജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയുമാണ് (27) മരിച്ചത്. കോടികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള രണ്ടാംഭാര്യയുടെ കടുത്ത സമ്മര്‍ദമാണ് ജോണിൻെറ മരണത്തിനുപിന്നിലെന്ന മക്കളുടെ ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഡൽഹി പിതംപുരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. സരായ് കാലെഖാനില്‍ റെയില്‍വേ പാളത്തില്‍ നിന്നാണു അലൻെറ ശരീരം കണ്ടെത്തിയത്. അലൻെറ സുഹൃത്തുക്കള്‍ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണു അലൻെറ മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ് ലിസി മകൻെറയടുത്ത് എത്തിയത്. കോട്ടയം മങ്ങാട്ടുകവലയിൽ താമസിച്ചിരുന്ന വിൽസനെ 2018 ഡിസംബർ 31നാണ് വീടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണം നടക്കുമ്പോൾ വീട്ടിൽ ആരുമില്ലായിരുന്നു. രണ്ടാംഭാര്യ ലിസി ഈ സമയം, ആദ്യ ഭാര്യയിലെ മക്കൾക്കൊപ്പം കോട്ടയത്തെ ദേവാലയത്തിൽ പോയതായിരുന്നു. ഖത്തറിൽ ക്യൂട്ടെൽ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോൺ ദീർഘകാലം പ്രവർത്തിച്ചിരുന്നു. 11വർഷം മുമ്പ് ആദ്യഭാര്യ വത്സമ്മ മരിച്ചു. വിരമിച്ചശേഷം നാട്ടിലെത്തിയ ജോൺ ലിസിയെ വിവാഹം െചയ്തു. വിവാഹത്തിൻെറ 565ാം ദിവസമുണ്ടായ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മക്കൾ പരാതിപ്പെട്ടതോടെ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലിസിയും മകനും ഹൈകോടതിയെ സമീപിച്ചു. ഇതു തള്ളിയ ഹൈകോടതി വിൽസൻെറ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണച്ചുമതല ഏറ്റെടുത്തു. ജോൺ വിൽസൻെറ മകൻ ഉൾപ്പെടെ ആറുപേരിൽനിന്ന് ഇതുവരെ മൊഴിയെടുത്തു. ലിസിയുടെയും മകൻെറയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ജോൺ വിൽസൻെറ മക്കൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹം കെണ്ടത്തിയത്. രണ്ടാം ഭാര്യയുടെ വരവോടെ, വര്‍ഷങ്ങളായി വില്‍സണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റിനിര്‍ത്തിയെന്നും ജോണിൻെറ രണ്ടുകോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയെന്നും മക്കളുടെ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.