തൃശൂരിലെ സ്വർണവേട്ട: കള്ളക്കടത്തുതന്നെ-​ അന്വേഷണസംഘം

തൃശൂർ: സ്വർണനഗരിയെന്ന വിശേഷണമുള്ള തൃശൂരിനെ ഞെട്ടിച്ച് നൂറ് കിലോയിലധികം സ്വർണവും കോടികളുടെ ഇന്ത്യൻ കറൻസിയും, വിദേശ കറൻസിയും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര കസ്റ്റംസ് സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ. കള്ളക്കടത്ത് തന്നെയെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്. ചെന്നൈ, ട്രിച്ചി എന്നിവിടങ്ങളിൽ നിന്നുമാത്രം തൃശൂരിലേക്ക് വരുന്ന സ്വർണത്തിൻെറ കൃത്യമായ കണക്ക് അജ്ഞാതമാണ്. കൊടുക്കുന്നവർക്കും, ആഭരണനിർമാതാക്കൾക്കും മാത്രമറിയാവുന്ന കണക്ക്. തൃശൂർ നഗരത്തിലെയും, ചേർപ്പിലെയും ആഭരണ നിർമാണ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, ഇവിടേക്കെത്തുന്ന സ്വർണം ആഭരണങ്ങളായി ശ്രീലങ്കവഴിയാണ് കടത്തുന്നത്. ഇതിനായി ഇടനിലക്കാരുമുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിൽനിന്ന് ചെന്നൈയിലേക്ക് സ്വർണവുമായി പോയ ആളെ കസ്്റ്റഡിയിലെടുത്താണ് സംഘം തൃശൂരിൽ പരിശോധനക്കെത്തിയത്. ഒരൊറ്റ രാത്രി കൊണ്ട് 23 കേന്ദ്രങ്ങളിൽ ജോയൻറ് കമീഷണർ, ഡെപ്യൂട്ടി കമീഷണർമാർ, അസി. കമീഷണർമാർ എന്നിവരടങ്ങുന്ന 177 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം എത്തിക്കുന്ന 15 പേരും, ഇവരെ കാത്തിരുന്ന രണ്ട് പേരും അറസ്്റ്റിലായത്. കണക്കിൽപ്പെടാത്ത 102 കിലോഗ്രാം സ്വർണവും, 1900 യു.എസ് ഡോളറും, രണ്ട് കോടിയുടെ ഇന്ത്യൻ കറൻസിയുമാണ് പിടിച്ചെടുത്തത്. ഇത്ര വ്യാപക പരിശോധനയും കണ്ടെടുക്കലും മുമ്പ് തൃശൂരിൽ ഉണ്ടായിട്ടില്ല. നഗരം, ചേർപ്പ്, വല്ലച്ചിറ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും സ്വർണാഭരണ നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിർമാണം പൂർത്തിയാക്കി ജ്വല്ലറികളിലേക്ക് എത്തിക്കുമ്പോഴാണ് പലപ്പോഴും തൃശൂരിലെ സ്വർണക്കവർച്ച വാർത്തകളായിട്ടുള്ളത്. ദിവസങ്ങളായി തൃശൂർ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. പരിശോധനകൾ പൂർണമല്ലെന്നും കൂടുതൽ നിരീക്ഷണത്തിലാണെന്ന സൂചനകളും സംഘം വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.