വിദ്യാർഥികൾക്ക് ഭീഷണിയായ മുളങ്കൂട്ടം നീക്കിയില്ല പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബാലാവകാശ കമീഷന് പരാതി

എരുമപ്പെട്ടി: ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭീഷണിയായ മുളങ്കൂട്ടം മുറിച്ച് നീക്കുന്നതിൽ സെക്രട്ടറി വരുത്തിയ വീഴ്ചയെന്ന്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. കബീർ ബാലാവകാശ കമീഷനിൽ പരാതി നൽകി. എൽ.പി സ്കൂളിന് സമീപമുള്ള പറമ്പിലാണ് മുളങ്കൂട് സ്ഥിതി ചെയ്യുന്നത്. ഇത് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ് കിടക്കുകയാണ്. തലപ്പുകൾ കാറ്റിലടിച്ച് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുന്നതും ക്ലാസ് മുറികളിലേക്ക് മുളങ്കൂട്ടിൽ നിന്ന് പാമ്പുകൾ ഇഴഞ്ഞെത്തുന്നതും നിത്യ സംഭവമാണ്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് പി.ടി.എ കമ്മിറ്റി കലക്ടർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റാൻ ദിവസങ്ങൾക്ക് മുമ്പ് എ.ഡി.എം പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം നിർദേശം നൽകിയിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിൽ സെക്രട്ടറി വരുത്തിയ വീഴ്ചയാണ് ജില്ല കലക്ടർക്കും ബാലാവകാശ കമീഷനിലും പരാതി നൽകാൻ കാരണമായത്. എന്നാൽ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ പഞ്ചായത്ത് 24ന് നടക്കുന്ന കമ്മിറ്റിയിലേക്ക് വിഷയം മാറ്റി വെച്ചിരിക്കുകയാണെന്നും യോഗത്തിന് ശേഷം മുളങ്കൂട്ടങ്ങൾ മുറിച്ച് നീക്കാൻ സ്കൂളിന് അനുമതി നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ പറഞ്ഞു. അതേ സമയം എ.ഡി.എം നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിയോടാണെന്നും മുളങ്കൂട്ടം നിൽക്കുന്നത് സ്വകാര്യ പറമ്പിലായതിനാൽ സ്കൂളിന് മുറിച്ച് നീക്കാൻ കഴിയില്ലെന്നും പി.ടി.എ പ്രസിഡൻറ് കബീർ കടങ്ങോട് അറിയിച്ചു. സെക്രട്ടറി നടപടി സ്വീകരിക്കേണ്ട വിഷയം ഭരണസമിതി ചർച്ച ചെയ്യേണ്ടതില്ലെന്നും പഞ്ചായത്ത് കമ്മറ്റിയിലേക്ക് മാറ്റി വെച്ച് നടപടി വൈകിപ്പിച്ച പഞ്ചായത്ത് സെക്രട്ടറി കുരുന്നുകളുടെ ജീവൻ വെച്ചാണ് കളിക്കുന്നതെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. കബീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.