കൈയേറിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ സർവേ തുടങ്ങി

വടക്കാഞ്ചേരി: പതിറ്റാണ്ടുകളായി സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന അഞ്ച് ഏക്കറിലേറെ ഭൂമി തിരിച്ച് പിടിക്കാൻ വേണ്ട നടപടികളുമായി പൊതുമരാമത്ത് വിഭാഗവും, വടക്കാഞ്ചേരി നഗരസഭയും, മുള്ളൂർക്കര പഞ്ചായത്തും രംഗത്ത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ വാഴക്കോട് വളവ് വരെയുള്ള പ്രദേശങ്ങളിലെ സർക്കാർ ഭൂമിയാണ് പിടിച്ചെടുക്കുക. ഇതോടെ വടക്കാഞ്ചേരി പട്ടണപ്രദേശം ഒരേ വീതിയിലും ഏകീകൃത രൂപത്തിലുമാകും. നിലവിൽ ഓട്ടുപാറ മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള രണ്ട് കിലോ മീറ്റർ റോഡിന് പല വീതിയും രൂപവുമാണ്. കുന്നുംകുളം റോഡിലേക്ക് തിരിയുന്ന ഓട്ടുപാറ ഭാഗം കുപ്പികഴുത്തു രൂപത്തിലാണുള്ളത്. ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്. താലൂക്ക് സർവേയർ റോഷ്നിയുടെ നേതൃത്വത്തിൽ നടക്കുന്ന അളവ് പൂർത്തിയാക്കി കൈയേറ്റം ഒഴിപ്പിക്കുന്നതോടെ ഗതാഗതകുരുക്കിനും പരിഹാരമാകും. ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച സ്ഥലം അളവിന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ വി.വി. ഹാപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ.കെ. പ്രമോദ് കുമാർ, എം.ആർ. സോമനാരായണൻ, കൗൺസിലർമാരായ പ്രസീത സുകുമാരൻ, എം.എച്ച്. ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.