വെള്ളപ്പതാക വീശി സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്​താൻ

ശ്രീനഗർ: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച പാക് സൈന്യത്തിനു നേരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പട്ടാളക്കാരുടെ മൃതദേഹം പാകിസ്താൻ ഏറ്റുവാങ്ങി. വെടിയുതിർത്ത് ഇന്ത്യൻ സൈന്യത്തെ പിന്തിരിപ്പിച്ച് മൃതദേഹങ്ങൾ കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുടർന്ന് വെള്ളപ്പതാക വീശി എത്തിയാണ് പാക് സൈനികർ മൃതദേഹം കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് പാക് അധീന കശ്മീരിലെ ഹാജിപൂർ സെക്ടറിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത്. ഇന്ത്യയുടെ തിരിച്ചടിയിൽ ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. മൃതദേഹം തിരിച്ചെടുക്കാനായി പാക് സൈന്യം വീണ്ടും നിരന്തരം വെടിയുതിർത്തു. എന്നാൽ, ഇന്ത്യൻ സൈന്യം പിൻവാങ്ങാതെ തക്കതായ തിരിച്ചടി നൽകിയതോടെ ഒരു പാക് സൈനികൻകൂടി കൊല്ലപ്പെട്ടു. പാക് ഭാഗത്തുനിന്ന് വീണ്ടും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ പിന്മാറ്റം സമ്മതിച്ച് പാക് സൈനികർ വെള്ളപ്പതാക വീശുകയായിരുന്നു. ഇതേ തുടർന്ന് ഇന്ത്യ പ്രത്യാക്രമണം നിർത്തി. പാക് സൈനികർ വെള്ളപ്പതാക വീശി മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ദൃശ്യം വാർത്ത ഏജൻസി പുറത്തുവിട്ടു. ജൂലൈ അവസാനവാരത്തിൽ കെരൺ സെക്ടറിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ച് പാക് സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാകിസ്താൻ ഇതുവരെ തയാറായിട്ടില്ല. മുമ്പ്, കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാനും പാകിസ്താൻ തയാറായിരുന്നില്ല. ഇതേതുടർന്ന്, ഇന്ത്യൻ സേനയാണ് ഇവരുടെ അന്ത്യകർമങ്ങൾ നിർവഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.