ഗുരുവായൂരിൽ വാഹന പാർക്കിങ് പ്രശ്നം രൂക്ഷം; ഉദാഹരണം ഉദയൻ

ഗുരുവായൂര്‍: കിട്ടിയ സ്ഥലത്ത് പാർക്ക് ചെയ്തുപോയ കാറുടമ കരുതിയില്ല താൻ ഒരു ചായ കച്ചവടക്കാരൻെറ ഉപജീവന മാർഗത്തി ന് കുറുകെയാണ് കാറിട്ടിരിക്കുന്നതെന്ന്. പാർക്കിങ് പ്രശ്നം രൂക്ഷമായ ഗുരുവായൂരിൽ തട്ടുകടക്ക് മുന്നിൽ പാർക്ക് ചെയ്തു പോയ കാർ രണ്ട് മണിക്കൂറോളം കച്ചവടം മുടക്കി. തെക്കേ നട ഇന്നർ റിങ് റോഡിൽ തട്ടുകട നടത്തുന്ന ഉദയനാണ് പാർക്കിങ് പ്രശ്നത്തിൻെറ ഇരയായി മാറിയത്. ഉച്ചകഴിഞ്ഞ് റോഡരികിൽ ചായക്കച്ചവടം നടത്തുന്ന ഉദയൻെറ കടക്ക് മുന്നിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. ഉച്ച കഴിഞ്ഞ് തുറക്കുന്ന കടയാണെന്ന് അറിയാതെയാണ് കാർ അവിടെ പാർക്ക് ചെയ്ത് പോയത്. രണ്ട് പാർക്കിങ് ഗ്രൗണ്ടുകളിൽ നിർമാണങ്ങൾ നടക്കുന്നതിനാലാണ് പാർക്കിങ് പ്രശ്നം രൂക്ഷമായിട്ടുള്ളത്. കാന നിർമാണവും പാർക്കിങ്ങിന് തടസ്സമാണ്. ഈ സാഹചര്യത്തിലാണ് ഒഴിഞ്ഞുകണ്ട സ്ഥലത്ത് കാറിട്ടത്. ഉച്ചക്ക് രണ്ടിന് എത്തിയപ്പോൾ കാർ മൂലം കട തുറക്കാൻ കഴിയാത്ത അവസ്ഥയിലായ ഉദയൻ ഡ്രൈവറെ തപ്പി ഏറെ നടന്നെങ്കിലും ഫലം ഉണ്ടായില്ല. പൊലീസിനോടും കാര്യം പറഞ്ഞു. സ്ഥിരക്കാരായ കസ്റ്റമേഴ്സിൻെറ തിരക്കുള്ള കടയായതിനാൽ വന്നവരോടെല്ലാം ഉദയൻ സാഹചര്യം പറഞ്ഞ് മനസ്സിലാക്കി പറഞ്ഞു വിട്ടു. 4.30 ഓടെ താൻ മൂലം ഉണ്ടായ പ്രശ്നങ്ങൾ അറിയാതെ ഡ്രൈവർ എത്തി. ഡ്രൈവർ ക്ഷമ ചോദിച്ചെങ്കിലും 'അറിയാതെ സംഭവിച്ചതല്ലേ. ഇനി ചായ കുടിച്ച് പോകാം' എന്നതായിരുന്നു ഉദയൻെറ നിലപാട്. ഗുരുവായൂരിൽ പാർക്കിങ് പ്രശ്നം രൂക്ഷമായതിൻെറ ഇരയായി മാറി ഉദയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.