എൻ.വി ശാസ്​ത്രവും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭ -മന്ത്രി സി. രവീന്ദ്രനാഥ്

തൃശൂർ: ശാസ്ത്രവും സാഹിത്യവും സമന്വയിപ്പിച്ച് മലയാള ഗദ്യരചനയിൽ നവീന ഭാവുകത്വം സൃഷ്ടിച്ച പ്രതിഭയായിരുന്നു എൻ.വി. കൃഷ്ണവാര്യരെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന എൻ.വി. കൃഷ്ണവാര്യരുടെ ഗദ്യകൃതികളുടെ പ്രീ പബ്ലിക്കേഷൻ സ്കീം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതീവ ഗൗരവ ശാസ്ത്ര വിഷയങ്ങളെ കാവ്യാത്മകമായി അവതരിപ്പിച്ച അനന്യ ശൈലിയായിരുന്നു കൃഷ്ണവാര്യരുടേത്. സമൂഹത്തിൻെറ അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് കലാകാരൻ വ്യതിചലിക്കരുതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. ആധുനികതയോടും കാൽപനികതയോടും അദ്ദേഹം പുലർത്തിയ അകൽച്ചയുടെ കാരണം ഇതായിരുന്നുവെന്നും മന്ത്രി നിരീക്ഷിച്ചു. എൻ.വി.കൃഷ്ണവാര്യരുടെ ഗദ്യരചനകളുടെ ആദ്യത്തെ ആയിരം കോപ്പികളുടെ വിൽപനയിൽനിന്ന് കുടുംബത്തിന് ലഭിക്കുന്ന റോയൽറ്റിയും അക്കാദമിക്ക് ലഭിക്കുന്ന വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് എൻ.വിയുടെ മകൾ പാർവതി കെ. വാര്യരും സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനനും അറിയിച്ചു. എൻ.വി.കൃഷ്ണവാര്യരുടെ ലേഖനകല എന്ന പുസ്തകം പ്രസ്ക്ലബ് സെക്രട്ടറി എം.വി. വിനീതക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. പുസ്തകങ്ങളുടെ പ്രീപബ്ലിക്കേഷൻ സ്വീകരണം ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചു. അക്കാദമി പ്രസിഡൻറ് വൈശാഖൻ അധ്യക്ഷത വഹിച്ചു. ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ഈ.ഡി. ഡേവീസ,് ജനറൽ എഡിറ്റർ പ്രഫ.കെ.വി. രാമകൃഷ്ണൻ, എഡിറ്റർമാരായ ഡോ.എസ്.കെ. വസന്തൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.