തൃശൂർ: ഓണം ആഘോഷിക്കാൻ ഇക്കുറി കർണാടക പാൽ. ഇതിന് കർണാടകയുമായി ധാരണയായതായി മിൽമ സംസ്ഥാന ചെയർമാൻ പി.എ. ബാലൻ വാർത് തസമ്മേളനത്തിൽ അറിയിച്ചു. പ്രളയവും പ്രകൃതി ദുരന്തവും മൂലം മലബാറിൽ പാൽ ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഓണക്കാലത്ത് തെക്കൻ ജില്ലകൾക്ക് ആവശ്യമായ പാൽ മലബാറിൽ നിന്നാണ് എത്തുന്നത്. കാലിത്തീറ്റ വിലയിലും മറ്റു ഉൽപാദന ചെലവിലുമുണ്ടായ വർധന മൂലം ക്ഷീരകർഷകർ ഇൗ മേഖല വിടുകയാണ്. ഇതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇൗ സാഹചര്യത്തിലാണ് കർണാടകയിൽ നിന്ന് പാൽ കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ചെയർമാൻ പറഞ്ഞു. ലിറ്ററിന് 34 രൂപ നിരക്കിലാണ് കർണാടകയിൽനിന്ന് പാൽ വാങ്ങുന്നത്. ഇതിന് ലിറ്ററിന് രണ്ടര രൂപ വീതം ഗതാഗത ചെലവും വരും. ഒരാഴ്ചയായി കർണാടകയിൽനിന്ന് ദിനേന മൂന്ന് ലക്ഷം ലിറ്റർ വീതം പാൽ വരുന്നുണ്ട്. ഉത്രാടം നാൾ മാത്രം 25 ലക്ഷം ലിറ്റർ പാൽ വേണ്ടിവരും. പ്രതിദിനം 12 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. നവീകരിച്ച തൃശൂർ ഡയറി സെപ്റ്റംബർ രണ്ടിന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, മാനേജിങ് ഡയറക്ടർ ഡോ. എം. മുരളീദാസ്, ഇ.എം. പൈലി, മേരി ലോനപ്പൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.