തൃശൂര്‍: മഞ്ഞപ്പട്ടുടുത്ത് തിരുമുടിയിൽ പീലി തിരുകിയ ഉണ്ണിക്കണ്ണൻമാർ... ആടയാഭരണങ്ങളുടെ വർണ തിളക്കത്തിൽ ഗോപികമാര്‍, കൃഷ്ണഗീതികളാലപിച്ച് ഭക്തന്മാർ.... നഗരവീഥിയെ വൃന്ദാവനമാക്കി ശോഭായാത്ര. കൃഷ്ണഗാഥകൾ വർണിച്ച നിശ്ചലദൃശ്യങ്ങൾ ശോഭയാത്രയെ വർണാഭമാക്കി. ഇതര സംസ്ഥാനക്കാരും ശോഭായാത്രയിൽ പങ്കെടുത്തു. പാറമേക്കാവ് ക്ഷേത്രത്തിനുമുന്നില്‍ നിന്നാരംഭിച്ച ശോഭായാത്ര തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മഹേഷ് കണ്ണന് കാണിക്ക നല്‍കി. ആർ.എസ്.എസ് തൃശൂര്‍ മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസ്, ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡന്റ് എ. നാഗേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ എം.എസ്. സമ്പൂര്‍ണ, വിന്‍ഷി അരുണ്‍കുമാര്‍, ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം കെ.എസ്. നാരായണന്‍, മേഖല ട്രഷറർ വി.എന്‍. ഹരി, തൃശൂര്‍ മഹാനഗര്‍ സഹസംഘടന കാര്യദര്‍ശി പി.യു. ഗോപി, മഹാനഗര്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ രവി തിരുവമ്പാടി എന്നിവര്‍ പങ്കെടുത്തു. അഞ്ചേരി, കുട്ടനെല്ലൂര്‍, വളര്‍ക്കാവ്, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നല്ലങ്കര, മുക്കാട്ടുകര, ചെമ്പൂക്കാവ്, കീരംകുളങ്ങര, കണ്ണംകുളങ്ങര, അയ്യന്തോള്‍, പുതൂര്‍ക്കര, പൂങ്കുന്നം, കാനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകളാണ് നഗരത്തില്‍ സംഗമിച്ച് മഹാശോഭായാത്രയില്‍ അണിചേര്‍ന്നത്. കാളിയമര്‍ദനവും ഗരുഡവാഹനമാക്കിയ കൃഷ്ണനും രാധയും, കുചേലന്‍, പശുവിനോടൊപ്പമുള്ള ഉണ്ണിക്കണ്ണന്‍, ശ്രീകോവിനുള്ളില്‍ ഓടക്കുഴലൂതി നില്‍ക്കുന്ന ശ്രീകൃഷ്ണന്‍ തുടങ്ങിയവ നിശ്ചല ദൃശ്യങ്ങളായി അവതരിപ്പിച്ചു. റൗണ്ട് ചുറ്റി നായ്ക്കനാല്‍ വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് ശോഭായാത്ര സമാപിച്ചു. പങ്കെടുത്ത കുട്ടികള്‍ക്ക് സമ്മാനങ്ങളും പ്രസാദവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.