മെറ്റല്‍ ക്രഷര്‍ യൂനിറ്റ് വിപുലീകരിക്കുന്നതിനെതിരെ നടപടിയില്ല

ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ വളഞ്ഞൂപ്പാടത്ത് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷര്‍ യൂനിറ്റ് വിപുലീകരിക്കുന്നതിന െതിരെ ഗ്രാമസഭ പ്രമേയം പാസാക്കിയിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പ്രമേയം പാസാക്കി രണ്ടരമാസം കഴിഞ്ഞിട്ടും ഗ്രാമസഭ തീരുമാനം പഞ്ചായത്ത് അവഗണിക്കുകയാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രണ്ടാംകല്ല് യൂനിറ്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പുതുക്കാട് പഞ്ചായത്തിലെ വളഞ്ഞൂപ്പാടത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റ് വിപുലീകരിക്കുന്നതിന് ഉടമ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്നിരട്ടിയോളം പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്ന വിധത്തിലാണ് ക്രഷര്‍ വിപുലീകരിക്കുന്നത്. ഇതിന് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗ്രാമസഭയില്‍ പ്രശ്‌നം ഉന്നയിച്ചതും വിപുലീകരണത്തിനെതിരെ പ്രമേയം പാസാക്കിയതും. പുതുക്കാട്, അളഗപ്പനഗര്‍ പഞ്ചായത്തുകളിലായി ഒരു കിലോമീറ്ററിനുള്ളില്‍ നാല് ക്രഷറുകളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ നാല് ക്രഷറുകള്‍ക്കും പൊതുവായ തീരുമാനം മാത്രമെ കൈക്കൊള്ളാനാവൂ എന്നാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്. ഗ്രാമസഭയുടെ തീരുമാനം പഞ്ചായത്ത് ഇതുവരെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത പരിശോധനയിലൂടെ മാത്രമെ പ്രശ്‌നത്തില്‍ തീരുമാനമെടുക്കാനാവൂ എന്നാണ് പഞ്ചായത്തിൻെറ നിലപാട്. ഇത് ക്രഷര്‍ വിപുലീകരണത്തിന് അനുമതി നല്‍കുന്നതിന് തുല്യമാണെന്നാണ് പരിഷത്ത് പ്രവര്‍ത്തകര്‍ പറയുന്നത്. ക്രഷര്‍ വിപുലീകരണത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് നടന്ന ചെങ്ങാലൂര്‍ ആറാം വാര്‍ഡ് ഗ്രാമസഭയില്‍ ഗ്രാമസഭാംഗങ്ങളും പഞ്ചായത്ത് അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഗ്രാമസഭ തീരുമാനത്തെ എതിര്‍ക്കുന്ന ഭരണസമിതിയിലെ 15 അംഗങ്ങളും ജനങ്ങള്‍ക്കൊപ്പമല്ലെന്നാണ് പരിഷത്തിൻെറ ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.