തൃശൂർ: ജയിൽ നിയമങ്ങൾ പാലിക്കാതെയും സർക്കാറിൻെറ ഉത്തരവുകളില്ലാതെയുമാണ് വിയ്യൂർ ഹൈടെക് ജയിലിലെ സംവിധാനങ്ങൾ പ ലതുമെന്ന് സംസ്ഥാന അറ്റോർണി കെ.വി. സോഹൻ വിലയിരുത്തിയതായി സൂചന. വെള്ളിയാഴ്ച അദ്ദേഹം ജയിലിൽ നടത്തിയ പരിശോധനയിലാണ് ഈ നിരീക്ഷണം. ഏകാന്ത തടവിലിടുന്നതായും തടവുകാരുടെ വസ്ത്രമഴിച്ച് പരിശോധിക്കുന്നതായും സ്വകാര്യതയിലേക്ക് പോലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും മറ്റും എൻ.ഐ.എ കോടതിയിൽ മാവോവാദി നേതാവ് രൂപേഷ് നൽകിയ എൻ.ഐ.എ കോടതിയിൽ ഉന്നയിച്ച പരാതിയിൽ സംസ്ഥാന സർക്കാറിൻെറ നിലപാട് അറിയിക്കാനാണ് അറ്റോർണി പരിശോധന നടത്തിയത്. ഇക്കാര്യങ്ങൾ ഉന്നയിച്ച് രൂപേഷ് ദിവസങ്ങളോളം ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു. സെല്ലിൽ നിന്നും രാവിലെയും വൈകീട്ടും രണ്ടര മണിക്കൂർ നേരം പുറത്തിറക്കുമെന്നും വസ്ത്രമഴിച്ച് പരിശോധനയുണ്ടാവില്ലെന്നുമൊക്കെ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഉറപ്പ് നൽകിയിരുന്നു. ഇത് ആവർത്തിച്ചപ്പോഴാണ് കോടതിയിൽ ഇക്കാര്യം രൂപേഷ് അറിയിച്ചത്. തുടർന്നാണ് കോടതി നടപടി. സെല്ലുകളിൽ കാമറ നിരീക്ഷണം സംബന്ധിച്ച് ജയിൽ ചട്ടങ്ങളിൽ മാർഗനിർദേശങ്ങളില്ല. തടവുകാരൻെറ സ്വകാര്യതയെ ഹനിക്കാതെ സുരക്ഷക്ക് വേണ്ടി മാത്രമാകണം കാമറകൾ സ്ഥാപിക്കേണ്ടതെന്നാണ് സുപ്രീംകോടതി നിർദേശം. ഇത് പാലിക്കാതെയാണ് അതിസുരക്ഷ ജയിലിൽ കാമറകൾ വെച്ചിട്ടുള്ളത്. ജയിലുകളിൽ കാമറ സ്ഥാപിക്കുന്നതിന് സർക്കാറിൻെറ പ്രത്യേക ഉത്തരവ് വേണമെന്നിരിക്കെ ഇതുവരെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന വിവരാവകാശ മറുപടി ഉൾപ്പെടുത്തിയാണ് രൂപേഷിൻെറ പരാതി. പരിശോധന നടത്തി അറ്റോർണി ഉച്ചകഴിഞ്ഞ് മടങ്ങി. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ സർക്കാറിന് വേണ്ടി ജയിലിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച് കോടതിയെ അറിയിക്കും. രൂപേഷിന് ശനിയാഴ്ച എൻ.ഐ.എ കോടതിയിലും കൽപ്പറ്റ കോടതിയിലും കേസുണ്ട്. എൻ.ഐ.എ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.