വെള്ളക്കെട്ട് താഴ്ന്നുതുടങ്ങി

ചാവക്കാട്: പെരുമഴക്ക് ശമനംവന്ന് മാനം തെളിഞ്ഞതോടെ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർ തിരിച്ച് പോകാനുള്ള തയാറെടുപ്പിൽ. ചാവക്കാട് താലൂക്കിൽ 17 വില്ലേജുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിലായി 1889 കുടുംബങ്ങളാണ് താമസിക്കുന്നത്. വിവിധ മേഖലകളിൽ വെള്ളക്കെട്ട് താഴാൻ തുടങ്ങിയതോടെ ഇവരിൽ പലരും തിരിച്ച് പോവാനിരിക്കുകയാണ്. ഇതിന് മുമ്പേ വീടും പരിസരവും ശുചീകരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് നഗരസഭ ഭരണ കർത്താക്കൾ. പുന്നയൂർ പഞ്ചായത്തിൽ ശനിയാഴ്ച്ച രാവിലെ മുതൽ വീടും പരിസരവും വൃത്തിയാക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബുഷറ ഷംസുദ്ദീൻ പറഞ്ഞു. പുന്നയൂർ വില്ലേജിൽ നാല് ക്യാമ്പുകളിലായി 70 കുടുംബങ്ങളും എടക്കഴിയൂർ വില്ലേജിൽ പ്രവർത്തിക്കുന്ന എസ്.എസ്.എം. ഹൈസ്കൂളിൽ 93 കുടുംബങ്ങളുമുണ്ട്. കനോലി കനാലിൻെറ കിഴക്കും പടിഞ്ഞാറും കുട്ടാടൻ പാടമേഖലകളിലും താമസിക്കുന്നവരാണ് ഈ ക്യാമ്പുകളിലുള്ളവർ. കുഴിങ്ങര, എടക്കഴിയൂർ കനോലി കരകളിലെ വെള്ളക്കെട്ട് ഒഴിഞ്ഞ പ്രദേശങ്ങളിലാണ് ശുചീകരണം ആരംഭിക്കുന്നത്. ചാവക്കാട് നഗരസഭയിൽ മണത്തല സ്കൂൾ ക്യാമ്പിൽ 105 കുടുംബങ്ങളിലായി 403 അംഗങ്ങളുണ്ട്. ഇവിടെനിന്ന് വീടുകളിലേക്ക് തിരിച്ചുപോയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ, റവന്യൂ, വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൻ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ഇൻസ്പെക്ടർ സി.വി. അജയ്കുമാർ, ചാവക്കാട് കെ.എസ്.ഇ.ബി അസി. എൻജിനീയർ സത്യശീലൻ എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്. സലാം, എ.സി. ആനന്ദൻ, സഫൂറ ബക്കർ, എം.ബി. രാജലക്ഷ്മി, എം.എ. മഹേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്ത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങയ പകർച്ച വ്യാധികൾ പടരാതിരിക്കാനുള്ള ശ്രമം ആരംഭിച്ചതായും ആരോഗ് വകുപ്പിൻെറ നേതൃത്വത്തിൽ ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരും ശനിയാഴ്ച മുതൽ മരുന്നുകൾ വിതരണം ചെയ്യുമെന്നും നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.