തൃശൂർ: സ്വർണപ്പണയത്തിന്മേൽ കാർഷികവായ്പ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത് തിൻെറ പശ്ചാത്തലത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപടി തുടങ്ങി. അടുത്ത ഒക്ടോബർ ഒന്നുമുതൽ കിസാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്ക് മാത്രമേ വായ്പാ പലിശയിളവ് അനുവദിക്കാവൂവെന്നും അതേ തീയതിമുതൽ സ്വർണപ്പണയ വായ്പയിൽ പലിശയിളവ് അനുവദിക്കരുതെന്നും കാണിച്ച് എല്ലാ സർക്കിളുകൾക്കും ഉത്തരവയച്ചു. മുംബൈ കോർപറേറ്റ് ഓഫിസിലെ ചീഫ് ജനറൽ മാനേജർ ആദികേശവനാണ് ഈ മാസം ഒന്നിന് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയ സെക്രട്ടറിയും ധനമന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്ത പൊതുമേഖല ബാങ്ക് മേധാവികളുടെ വിഡിയോ മീറ്റിങ്ങിലെ തീരുമാനങ്ങളനുസരിച്ചാണ് എസ്.ബി.ഐ നടപടി. കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി) അക്കൗണ്ടുകൾ ഉടൻ ആധാറുമായി ബന്ധിപ്പിക്കണം. ഇങ്ങനെ ചെയ്യാത്ത കെ.സി.സി അക്കൗണ്ട് ഉടമകൾക്ക് കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പലിശയിളവ് അനുവദിക്കരുത്. ഒക്ടോബർ ഒന്നുമുതൽ വായ്പ കൃത്യമായി തിരിച്ചടച്ചാലും കെ.സി.സി ഉള്ളവർക്ക് മാത്രമേ പലിശയിളവിന് അർഹതയുള്ളൂ. സംസ്ഥാന-ജില്ലതല ബാങ്കേഴ്സ് സമിതികളുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് വിതരണ കാമ്പയിൻ നടത്തണം. എല്ലാ കർഷകർക്കും കെ.സി.സി വായ്പ നൽകിയെന്ന് ഉറപ്പാക്കണം. ഇത്തരക്കാരുടെ വായ്പ അപേക്ഷ 14 ദിവസത്തിനകം തീർപ്പാക്കണം. മറ്റ് സ്വർണപ്പണയ വായ്പകൾക്ക് നിയന്ത്രണമില്ല. അതിൻെറ പലിശ അടുത്തകാലത്ത് കുറച്ചിട്ടുണ്ട്. ഈ വായ്പ പ്രോത്സാഹിപ്പിക്കണം. കെ.സി.സിയിൽ ബഹുമുഖ ധനസഹായം ഒഴിവാക്കണമെന്നും എസ്.ബി.ഐ എല്ലാ സർക്കിൾ മേധാവികളോടും നിർദേശിച്ചിട്ടുണ്ട്. കെ. പരമേശ്വരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.