തൃശൂർ: ജൂൺ 25ലെ കൗൺസിൽ യോഗത്തിൽ തങ്ങളുടെ എതിർപ്പ് മറികടന്ന് പാസാക്കിയ അജണ്ടകളും അതിൻെറ മിനുട്സും റദ്ദാക്കണമെ ന്നാവശ്യപ്പെട്ട് ബുധനാഴ്ച്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളുടെ നടുത്തളത്തിലിറങ്ങലും ഇറങ്ങിപ്പോക്കും. ജൂൺ 25ലെ യോഗത്തിൽ വിവിധ പദ്ധതികൾക്ക് 100 കോടി വായ്പയെടുക്കുന്നവയടക്കം ഒന്നു മുതൽ 43 വരെയുള്ള അജണ്ടകൾ ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിക്കണമെന്ന് കോൺഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വിളിച്ച പ്രത്യേക യോഗത്തിൽ നിന്നാണ് അവർ ഇറങ്ങിേപ്പായത്. 25ലെ യോഗ മിനുട്സ് കോപ്പി മുകുന്ദൻ കീറിയെറിഞ്ഞു. നൂറ് കോടി വായ്പയെടുക്കുന്നതിൽ പ്രതിഷേധിച്ച് പിന്നീട് പ്രതിപക്ഷത്തെ ബി.ജെ.പി അംഗങ്ങളും ഇറങ്ങിപ്പോയി. ഭരണകക്ഷി അംഗങ്ങളുടെ ചർച്ചക്കൊടുവിൽ പ്രതിപക്ഷത്തിൻെറ അഭാവത്തിൽ അജണ്ടകൾ പാസാക്കി. മേയറുടെ നടപടി ജനാധിപത്യ കശാപ്പാണെന്ന് കോൺഗ്രസ് സഭാനേതാവ് എം.കെ. മുകുന്ദൻ കുറ്റപ്പെടുത്തി. തങ്ങളുടെ പ്രതിഷേധത്തെ മറികടന്ന് അജണ്ടകൾ പാസാക്കിയതും അതിൻെറ മിനുട്സ് തയാറാക്കിയതും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മേയറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ജോൺ ഡാനിയേൽ പറഞ്ഞു. മേയർ മിനുട്സിൻെറ വ്യാജ രേഖ ചമച്ചെന്നും അദ്ദേഹം ആരോപിച്ചു. ഒരു തലത്തിലും ചർച്ച ചെയ്യാതെയാണ് 100 കോടി വായ്പയുമായി മേയറും ഇടതുഭരണ സമിതിയും മുന്നോട്ട് പോകുന്നതെന്ന് എ. പ്രസാദ് കുറ്റപ്പെടുത്തി. ഫ്രാൻസിസ് ചാലിശ്ശേരി, അഡ്വ.സുബി ബാബു, ബി.ജെ.പിയിലെ കെ. മഹേഷ്, രാവുണ്ണി, സ്ഥിരം സമിതി അധ്യക്ഷ എം.എൽ. റോസി, അനൂപ് കരിപ്പാൽ എന്നിവരും സംസാരിച്ചു. വ്യാജ മിനുട്സ് റദ്ദാക്കണമെന്നാവശ്യെപ്പട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ അങ്കണത്തിൽ പ്രകടനം നടത്തി. അതിനിടെ, ചർച്ചക്ക് മറുപടി പറയുന്നത് കേൾക്കാൻ തയാറാവാതെ ഇറങ്ങിപ്പോക്ക് നടത്തിയ പ്രതിപക്ഷ നടപടി ഖേദകരമാണെന്ന് മേയർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.