എൻ.ഐ.എ തടവുകാരനുമായി പോയ വാഹനം തകരാറിലായി അര മണിക്കൂറോളം വഴിയിൽ കിടന്നു

തൃശൂർ: വിയ്യൂർ ജയിലിൽ നിന്ന് എൻ.ഐ.എ തടവുകാരനെ എറണാകുളത്തെ കോടതിയിലേക്ക് കൊണ്ടുപോയ എ.ആർ. ക്യാമ്പിലെ വാഹനം തകരാറിലായി അരമണിക്കൂറോളം വഴിയിൽ കിടന്നു. വ്യാഴാഴ്ച രാവിലെ കൊടകരയിലാണ് സംഭവം. എറണാകുളം എൻ.ഐ.എ കോടതിയിലേക്ക് അനൂപ് എന്ന തടവുകാരനുമായി പോയ വാഹനമാണ് പണിമുടക്കിയത്. മറ്റൊരു വാഹനം എത്തിച്ചാണ് യാത്ര തുടർന്നത്. രാജ്യദ്രോഹ, തീവ്രവാദ കേസുകളിലെ പ്രതികളെ പാർപ്പിക്കുന്നതിന് വീഡിയോ കോൺഫറൻസ് സംവിധാനം ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ വിയ്യൂരിൽ അതിസുരക്ഷ ജയിൽ പ്രവർത്തനമാരംഭിച്ചതിന് പിറ്റേന്നാണ് വീഴ്ച്ചയുണ്ടായത്. ജയിലിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയും, ബന്ധുക്കളെ കാണുന്നതിനും കഴിയുമെന്നായിരുന്നു ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അവകാശപ്പെട്ടത്. തടവുകാരെ കൊണ്ടുപോവുന്നതിന് വാഹനത്തിൻെറ കാര്യക്ഷമത പരിശോധിച്ച് ഉറപ്പ്വരുത്തുന്നതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ആക്രമണ സാഹചര്യമുൾപ്പെടെ കണക്കിലെടുത്ത് സുരക്ഷ ഉറപ്പ് വരുത്തേണ്ട എൻ.ഐ.എ കേസിലെ പ്രതിയെ അരമണിക്കൂറോളം റോഡരികിൽ നിർത്തിയത് ഉന്നത ഉദ്യോഗസ്ഥർ വൈകിയാണ് അറിഞ്ഞത്. സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈകീട്ട് വിയ്യൂരിലെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.