രക്ഷിതാക്കളെ വിദ്യാലയവുമായി അടുപ്പിക്കാൻ 'ക്ലാസ്​ പി.ടി.എ'

വരവൂർ: രക്ഷിതാക്കളെ വിദ്യാലയവുമായി കൂടുതൽ അടുപ്പിക്കുന്നതിന് 'ക്ലാസ് പി.ടി.എ' എന്ന പുതിയ ആശയം വരവൂർ ഗവ.എൽ.പി.സ്കൂളിൽ നടപ്പാക്കി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഗ്രൂപ്പുകളായിത്തിരിച്ച് ഓരോ ദിവസവും 80 വീതം രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തും. വന്ന രക്ഷിതാക്കളെ വീണ്ടും ഗ്രൂപ്പുകളായി തിരിച്ച് പ്രധാനാധ്യാപകൻ ചർച്ച സൂചകങ്ങൾ നൽകി ഓരോ ക്ലാസുകളിലേക്കും നിയോഗിക്കുന്നു. വിദ്യാലയ പുരോഗതിക്കാവശ്യമായ നിർദേശങ്ങളാണ് ക്ലാസുകളിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുക. വേദിയിൽ യോഗനടപടികളുടെ ഭാഗമായി സ്വാഗതം, അധ്യക്ഷൻ, ഉദ്ഘാടകൻ, ആശംസകൾ, നന്ദി എന്നിവ പറയുന്നതിനുള്ളവരെ നറുക്കെടുപ്പിലൂടെയാണ് രക്ഷിതാക്കളിൽ നിന്നും തെരഞ്ഞെടുക്കുന്നത്. തുടർന്ന് ചർച്ച നടത്തി ഉരുത്തിരിയുന്ന അഭിപ്രായങ്ങൾ എഴുതി തയാറാക്കി ഓരോ ഗ്രൂപ്പിലേയും ഒരു രക്ഷിതാവ് എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കുന്നു. പ്രധാനാധ്യാപകൻ ചർച്ചകളെ ക്രോഡീകരിച്ച് മറുപടി പറയും. മക്കൾ പഠിക്കുന്ന വിദ്യാലയത്തിൽ ഈ വർഷം എന്തെല്ലാം പുരോഗമന പ്രവർത്തനങ്ങൾ നടത്തണമെന്ന് രക്ഷിതാക്കൾ തന്നെ തീരുമാനിക്കുന്നതിനാണ് പുതിയ പരിപാടി ആവിഷ്കരിച്ചതെന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ എം.ബി. പ്രസാദ് അറിയിച്ചു. ക്ലാസ് പി.ടി.എ പുതിയ അനുഭവമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.ജി. സുനിൽ, വൈസ് പ്രസിഡൻറ് എൻ.എച്ച്. ഇബ്രാഹിം, എസ്.എം.സി ചെയർമാൻ എം.ച്ച്. ഷറഫുദ്ദീൻ, എം.പി.ടി എ. പ്രസിഡൻറ് ഹരിത തുടങ്ങിയവർ ക്ലാസ് പി.ടി.എകളിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.